Sunday, February 26, 2012

ഐടി പിന്നാമ്പുറക്കാഴ്ച്ചകളിലേക്ക്...



ഐടി കമ്പനിയില്‍ ജോലി കിട്ടിയാല്‍ ജീവിതം ഭദ്രമായി എന്ന് വിശ്വസിക്കുന്നവരാണ് ഞാനടക്കമുള്ള നിങ്ങളില്‍ പലരും. എന്നാല്‍ കിട്ടി കഴിയുമ്പോഴേ പണി പാളിയ കാര്യം നാം മനസിലാക്കൂ.. പണി പാളിയത് എന്നത് കൊണ്ട് ഇവിടെ ഉദ്ദേശിച്ചത് ഗതികേട് എന്നാണ്. രാത്രിജോലിയും വീക്ക്എന്‍ഡ് വര്‍ക്കും അപ്പ്രൈസല്‍ മഹാത്മ്യവും എല്ലാം കൊണ്ടും നിങ്ങളുടെ ജീവിതം സുസ്ഥിരമാകും.



ജോലി കിട്ടിയ ആദ്യകാലങ്ങളില്‍ എനിക്ക് ബ്രസീലില്‍ ഉള്ള ഒരു ടീമുമായി ഇടയ്ക്കിടെ കോന്‍ടാക്റ്റ്‌ ചെയ്യേണ്ടിയിരുന്നു. ആദ്യമൊക്കെ ഫോണ്‍ ചെയ്യുമ്പോള്‍ അവര്‍ പറയുന്നത് ഒരു വകക്ക് മനസിലാകില്ല. നമ്മുടെ ദിലീപേട്ടന്‍ പറയാറില്ലേ. അറബി പറയണമെങ്കില്‍ കുറച്ചു ഉരുളകിഴങ്ങ് വായിലിട്ടു മലയാളം പറഞ്ഞാല്‍ മതിയെന്ന്. ഇത് ഏകദേശം അത് പോലെ തന്നെ തൊണ്ടക്കുള്ളില്‍ ബ്ലേഡ് കുടുങ്ങിയ പോലെയാണ് ചില സായിപ്പന്മാര്‍ പറയുക. ചിലതൊക്കെ രണ്ടു മൂന്നു തവണ ചോദിക്കണം , എന്തെങ്കിലും മനസിലാകണം എങ്കില്‍. ചിലവന്മാര്‍ക്ക് ജലദോഷം പിടിച്ചിട്ടുണ്ടോ എന്ന് തോന്നും. ആ പോട്ടെ.. അത് പിന്നെ നമ്മള്‍ ഇന്ത്യക്കാര്‍ക്കും ഉണ്ടല്ലോ ഈ മൂക്കടപ്പ്. അങ്ങനെ ഒരിക്കല്‍ ബ്രസീല്‍ ടീമിനോട് ഒരു സുപ്രധാന കാര്യം പറയാതെ ഞാന്‍ നൈറ്റ്‌ ഷിഫ്റ്റ്‌ കഴിഞ്ഞു വീട്ടിലെത്തി. അര മണിക്കൂറിനുള്ളില്‍ മദാമ്മ എന്നെ ഫോണില്‍ വിളിച്ചു കാര്യം പറഞ്ഞു. തുടക്കക്കാരന്‍ എന്ന നിലക്ക് എന്ത് ചെയ്യണമെന്നു എനിക്കറിയില്ലായിരുന്നു. സമയം പാതിരാത്രി 3 മണി! ഓണ്‍സൈറ്റ് ടീം മാത്രമേ ആ സമയത്ത് ഉണ്ടായിരിക്കുകയുള്ളു. ടീം ലീഡിന്റെ ജിമെയില്‍ ഐഡി കയ്യിലുള്ളത് അപ്പോള്‍ എനിക്ക് ഓര്‍മ വന്നു. ഉടനെ തന്നെ ഞാന്‍ ആള്‍ക്ക് കാര്യം പറഞ്ഞ് മെയില്‍ ചെയ്ത് കിടന്നുറങ്ങി. പിറ്റേ ദിവസം ഓഫീസില്‍ വന്നു മെയില്‍ ബോക്സ്‌ നോക്കിയപ്പോള്‍ എനിക്ക് ലീഡില്‍ നിന്നും മറ്റു ഉന്നത തലങ്ങളില്‍ നിന്നും അഭിനന്ദനങള്‍. എന്റെ കണ്ണ് തള്ളിപോയി. ഈ ഒരു നിസാര കാര്യത്തിന് എന്നെ പൊക്കിപറയേണ്ട കാര്യം എന്താണ് ? ഞാന്‍ എന്റെ ഭാഗം സേഫ് ആക്കാന്‍ നടത്തിയ ശ്രമത്തിനു ഇവന്മാര്‍ എന്തിനു ഇത്രേം കിടന്നു തുള്ളണം ? ഹാ എന്താ ഇപ്പം ചെയ്യാ.. അനുഭവിക്ക തന്നെ..



അത് പോലെ തന്നെയാണ് ചില പ്രൊഡക്ഷന്‍ ഡിപ്ലോയ്മെന്റ് (സോഫ്റ്റ്‌വെയര്‍ ഉപഭോക്താവിന് ലഭ്യമാക്കുന്ന പരിപാടി ) കഴിഞ്ഞാലുള്ള സ്ഥിതിഗതിയും. കഴിഞ്ഞ് 3 മണിക്കൂറിനുള്ളില്‍ ടീമിന് തുരുതുരാ അഭിനന്ദനപ്രവാഹം ആയിരിക്കും. സായിപ്പുമാരും മദാമ്മമാരും 'പെര്‍ഫെക്റ്റ്‌ വര്‍ക്ക്‌' , 'നൈസ് ജോബ്‌' , 'എക്സലെന്റ്റ്' എന്നൊക്കെ പെടച്ചു വിടും. ഇതൊക്കെ കാണുമ്പോള്‍ മനസിന്‌ എന്തോ എന്നും ഇല്ലാത്ത ഒരു സന്തോഷം. പക്ഷെ 2 ദിവസം കഴിഞ്ഞാല്‍ ഉടനെ തന്നെ ഒരു പൊട്ടന്ഷ്യല്‍ ബഗ് കണ്ടു പിടിക്കപ്പെടും. ക്ലൈന്റ് സായിപ്പിന് അത് ഒരാഴ്ചക്കുള്ളില്‍ തന്നെ ഫിക്സ് ചെയ്ത് കൊടുക്കണം. ഞങ്ങള്‍ മനസിലോര്‍ക്കും യുഎടിയുടെ ( സോഫ്റ്റ്‌വെയര്‍ ഉപഭോക്താവിന് ലഭ്യമാക്കുന്നതിനു മുമ്പ് ,സംഗതികള്‍ വന്നിട്ടുണ്ടോ എന്നറിയാന്‍ ക്ലൈന്റ് നടത്തുന്ന പരിശോധന ) സമയത്ത് നീയൊക്കെ ഈച്ചയെ ആട്ടി ഇരിക്കാരുന്നുവോടാ ക്ണാപ്പന്‍ സായിപ്പേ !!



അങ്ങനെ ഒരു പൊട്ടന്ഷ്യല്‍ ബഗ് കണ്ടു പിടിക്കപ്പെട്ടു മൂടിന് തീ പിടിച്ചു നില്‍ക്കുന്ന ഒരു ആഴ്ച ഉണ്ടായിരുന്നു. സമയക്രമം ആകെ തെറ്റിയിരിക്കുന്നു. ഏകദേശം 14 -17 മണിക്കൂര്‍ ഓഫീസിലുണ്ടയിരിക്കും. മനസ്സില്‍ ശപിക്കാത്ത ക്ലൈന്റ് സായിപ്പും മദാമ്മമാരും ഇല്ല. ഓരോന്ന് ഫിക്സ് ചെയ്യുമ്പോള്‍ വേറെ ഓരോന്ന് പൊട്ടി മുളക്കും. ഓരോ 3 മണിക്കൂര്‍ കൂടുമ്പോള്‍ ഓണ്‍സൈറ്റ് മാനേജരുടെ ചെക്ക്‌ പോയിന്റ്‌ കാള്‍. അതായത് വല്ലതും നടക്കുമോ എന്നറിയാനുള്ള അങ്ങേരുടെ ത്വര. "അങ്ങേര്‍ക്കൊന്നും വേറെ പണിയില്ലേ. സൊലുഷ്യന്‍ കിട്ടിയോ എന്ന് ചോദിചോണ്ടിരിക്കാതെ എന്തേലും ചെയ്യാന്‍ സമയം തരുന്നുണ്ടോ " ഞങ്ങള്‍ പരസപരം പറയും. അത് കൂടാതെ ഒരു ഓണ്‍സൈറ്റ് ആര്‍ക്കിടക്റ്റ് ഉണ്ട്. മലയാളത്തില്‍ ഇങ്ങേരെ വേണമെങ്കില്‍ സോഫ്റ്റ്‌വെയര്‍ ശില്പി എന്ന് വിളിക്കാം. അങ്ങോര്‍ക്ക് എന്താ ചെയ്തത് എന്ന് സമയത്തിന് അറിയണം. ടീമിലുള്ളവര്‍ പറഞ്ഞ് കൊടുത്താല്‍ അവന്റെ വായില്‍ നിന്നും 'ഗുഡ് ജോബ്‌' എന്ന രണ്ടക്ഷരം വീഴും. അവനു മനസിലായിട്ടാണോ എന്തോ എന്നറിയില്ല. പ്രസംഗം പറയുന്ന പോലെ പറയാനുള്ളത് നിര്‍ത്താതെ പറഞ്ഞ് കൊണ്ടിരിക്കുക. അതായത് പറയുന്നത് എശുന്നില്ലെങ്കില്‍ ആളെ കുഴപ്പിക്കുക. അപ്പോഴും വായില്‍ നിന്ന് വീഴും 'ഗുഡ് ജോബ്‌!! ' അനുഭവം ഗുരു..



ഞാന്‍ അപ്പ്രൈസല്‍ മഹാത്മ്യത്തിലേക്ക് വരട്ടെ. അപ്പ്രൈസല്‍ എന്ന് പറയുന്നത് സാധാരണക്കാര്‍ക്ക് മനസിലാകുന്നതിനു വേണ്ടി ഒന്ന് ലളിതമായി പറയട്ടെ. "ഒരു വര്ഷം മുഴുവന്‍ പട്ടിയെ പോലെ പണിയെടുത്തു അവസാനം ഉദ്യോഗസ്ഥന് ലഭിക്കുന്ന തുച്ചമായ വേതന വര്‍ദ്ധനവും , റാങ്കിംഗ്ഉം (റേറ്റിംഗ്) , കിട്ടാക്കനിയായ സ്ഥാനകയറ്റവും ( ഭാഗ്യമുട്ണേല്‍ കിട്ടിയെന്നിരിക്കും) അടങ്ങിയതാണ് അപ്പ്രൈസല്‍ " എതൊരു തുടക്കാരനും ലഭിക്കുന്നത് പോലെ നോര്‍മല്‍ റേറ്റിംഗ് തന്നെ എനിക്കും കിട്ടി. അതിനു മുകളില്‍ ലഭിച്ച തുടക്കക്കാരും ഉണ്ട്. ആ അത് പോട്ടെ.. ഞാന്‍ കാര്യത്തിലേക്ക് വരാം. നമ്മുടെ പ്രിയങ്കരനായ മാനേജര്‍ റേറ്റിംഗ് പ്രഖ്യാപിച്ചപ്പോള്‍ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. കാരണം അതിനു മുകളില്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ചില നേരങ്ങളില്‍ സമ്മര്‍ദം ഉണ്ടാക്കുന്ന ജോലി , പക്ഷെ ചിലപ്പോള്‍ ഈച്ചയെ ആട്ടുന്ന ജോലിയും. റേറ്റിംഗ് പ്രഖ്യപിക്കുന്നതിന്റെ 2 മാസം മുമ്പ് വരെ ഞാന്‍ ഈച്ചയെ ആട്ടികൊണ്ട് ഇരിക്കാര്‍ന്നു. അങ്ങനെ ഒരു അവസ്ഥയില്‍ ഞാന്‍ കൂടുതല്‍ പ്രതീഷിക്കുന്നത് തെറ്റാണു എന്ന് എന്റെ മനസ്സ് മന്ത്രിച്ചു. ഇതേകുറിച്ച് ഞാന്‍ എന്റെ നല്ലവരായ ചില ടീം അംഗങ്ങളോട് പറഞ്ഞപ്പോള്‍ എനിക്ക് ഇതിലും കൂടുതല്‍ പ്രതീഷിച്ചിരുന്നു എന്നാണ് അവര്‍ പറഞ്ഞത്. അതിനു കാരണം ഉണ്ട്. അതിലേക്കു ഞാന്‍ പിന്നെ വരാം. എന്റെ ചില കൂടുകാരുടെ റേറ്റിംഗ് വന്നു. അവര്‍ക്കും അതേ അളവുകോല്‍ തന്നെ. എല്ലാവരും കലി തുള്ളിയ കോമരം പോലെ അവരുടെ വിഷമം പ്രകടിപ്പിച്ചു. എല്ലാരും ചത്ത്‌ പണിയെടുത്തവര്‍ തന്നെയാണ്.

രണ്ട് മാസം കഴിഞ്ഞ് എന്റെ മാനേജര്‍ പുതിയ വര്‍ഷത്തില്‍ എത്തിപിടിക്കേണ്ട ഔദ്യോഗിക ലക്ഷ്യത്തെ (അതായത് വരുന്ന അപ്പ്രൈസലില്‍ എന്തെങ്കിലും നക്കാപ്പിച്ച കിട്ടാനുള്ള മാര്‍ഗം) കുറിച്ച് സംസാരിക്കാന്‍ വിളിച്ചു. ആ മഹാന്‍ പറയുകയാണ്. ദൈനംദിന ജോലികള്‍ ചെയ്താല്‍ നോര്‍മല്‍ റേറ്റിംഗ് മാത്രേ ലഭിക്കൂ.. അതിനു മുകളില്‍ കിട്ടണം എങ്കില്‍ സപ്രിട്ടിക്കേഷന്‍ (certification ) , ഓട്ടോമേഷന്‍ തുടങ്ങിയ എക്സ്ട്രാ ഓര്‍ഡിനറി ജോലികള്‍ ചെയ്യണമെന്ന്. സപ്രിട്ടിക്കേഷന്‍ , ഓട്ടോമേഷന്‍ ഇവയെല്ലാം എന്താണെന്നു വിവരിച്ചാല്‍ ഞാന്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിംഗ് പുസ്തകത്തിന്റെ ഒരു കാല്‍ ഭാഗത്തോളം പഠിപ്പിക്കേണ്ടി വരും. ആ സാഹസത്തിനു ഞാന്‍ എന്തായാലും മുതിരുന്നില്ല. ചില അതിസാഹസങ്ങള്‍ എന്ന് വേണേല്‍ പറയാം ഈ പറഞ്ഞവയെ.



മാനേജരുടെ ഡയലോഗ് കേട്ടപ്പോള്‍ എന്റെയുള്ളില്‍ അഗ്നി നിറഞ്ഞു. ഞാന്‍ ആലോചിച്ചു "കഴിഞ്ഞ വര്ഷം ഞാന്‍ ചെയ്ത ജാവ സപ്രിടികേഷന്‍ പിന്നെ എന്ത് മാങ്ങാതൊലിയാണ് ? ടീമിന്റെ പ്രയത്നം കുറക്കാന്‍ ഞാന്‍ ചെയ്ത ഓട്ടോമേഷന്‍ എന്തിനു വേണ്ടിയായിരുന്നു. ഇങ്ങേരു പൊട്ടനാണോ അതോ പൊട്ടന്‍ കളിക്കയാണോ ? " അപ്പോള്‍ എനിക്ക് അങ്ങേരോട് ഒന്നും പറയാന്‍ തോന്നിയില്ല. കാര്യങ്ങള്‍ എല്ലാം പറഞ്ഞ് ഞാനൊരു മെയില്‍ ചെയ്തു. മുമ്പ് ചെയ്തിട്ട് കിട്ടാത്ത കനി ഇനി ചെയ്താല്‍ കിട്ടുന്ന കാര്യത്തില്‍ സംശയം ഉണ്ട് എന്ന് ഞാനതില്‍ സൂചിപ്പിച്ചു. അതിനുള്ള മറുപടി ഇങ്ങനെയായിരുന്നു. "എല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു ". ഞാന്‍ നേരത്തെ പറഞ്ഞ കുന്ത്രാണ്ടങ്ങള്‍ ചെയ്ത ഒരൊറ്റ എണ്ണവും ടീമിലില്ല. എന്നിട്ട് പറയുന്ന ഡയലോഗ് ആണിത്. എന്റെ നല്ലവരായ ചില ടീം അംഗംങള്‍ പറഞ്ഞത് സത്യമാണെന്ന് അപ്പോഴാണ് എനിക്ക് ബോധ്യമായത്. ഞാന്‍ ശശി ആയി. എനിക്കെന്റെ മാനേജരോട് എന്തെന്നില്ലാത്ത സ്നേഹം തോന്നി.



പിന്നീടുള്ള ദിവസങ്ങളില്‍ നമ്മുടെ ബഹുമാന്യനായ മാനേജര്‍ പെരുമാറുന്നതില്‍ എന്തോ മാറ്റം വന്നത് പോലെ എനിക്ക് തോന്നി. മുമ്പത്തെ പോലെ ഇപ്പോള്‍ മൈന്‍ഡ് ചെയ്യുന്നില്ല. കാണുമ്പൊള്‍ ചിരിക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ ചിരി വരുന്നില്ല. ചില നേരത്ത് മുഖത്തോട്ടു നോക്കുന്നില്ല. ആഹ്.. എന്തെങ്കിലും ആകട്ടെ. ഇനി ഞാന്‍ ഒരു ബ്രഹ്മാണ്ട സിനിമയും പിടിക്കാന്‍ പോണില്ല എന്ന് മനസ് കൊണ്ട് തീരുമാനം എടുത്തു കഴിഞ്ഞു. നേരെ വാ നേരെ പോ..അത്ര തന്നെ.



ആഴ്ചകള്‍ കടന്നു പോയി. ഒരു ദിവസം ഓണ്‍സൈറ്റ്ലെ മദാമ്മ മാനേജര്‍ ടീം സന്ദര്‍ശിക്കാന്‍ വന്നു. അവര്‍ വരുന്നതിന്റെ മുമ്പത്തെ ആഴ്ചയില്‍ വരാന്തയില്‍ മറ്റും അലങ്കോലപണികള്‍ നടക്കുന്നത് കണ്ടു. ടീമിന്റെ ഫോട്ടോ , LCD ടിവി , ചാര്‍ട്ടുകള്‍ അങ്ങനെ ഏതൊക്കെയോ കാട്ടികൂട്ടുന്നു. കണ്ണില്‍ പൊടിയിടാന്‍ എത്ര മാര്‍ഗങ്ങള്‍ അല്ലെ ? സന്ദര്‍ശനത്തിന്റെ തലേ ദിവസം ഉത്തരവ് വന്നു. എല്ലാരും രാവിലെ 9 മണിക്ക് ഹാജരാകണം. വെള്ളിയാഴ്ച കാഷ്വല്‍ ഡ്രസ്സ്‌ ഇടാവുന്ന ദിവസം ആണെങ്കിലും ഫോര്‍മല്‍ വേഷത്തിലെ വരാവൂ.. ഹൂ. മദാമ്മയെ കുളിരണിയിക്കാന്‍ ഇമ്മാതിരി ഏര്‍പ്പടല്ലാതെ വേറെ ഒന്നും കണ്ടില്ലേ ? അങ്ങനെ പിറ്റേ ദിവസം മദാമ്മ വന്നു. എല്ലാത്തിന്റെയും കണ്ണടിച്ചു പോയി. അവരുടെ ഭാഷയില്‍ wowwww... എന്ന് തന്നെ പറയണം. പുള്ളിക്കാരി ഇവിടത്തെ പെണ്‍കുട്ടികള്‍ ധരിക്കുന്നതിനെ വെല്ലുന്ന തരത്തില്‍ കാഷ്വല്‍ വേഷത്തില്‍ വന്നിരിക്കുന്നു. ഇതിനായിരുന്നോ ഞങ്ങളെ ഈ കോലം കെട്ടിച്ചത്. ഇത്തവണ ശശി ആയതു ഞാന്‍ മാത്രമല്ല!! അങ്ങനെ നമ്മുടെ സ്വന്തം മാനേജര്‍ , മദാമ്മയെ എല്ലാവരെയും പരിചയപ്പെടുത്തി കൊടുക്കാന്‍ കൊണ്ട് വന്നു. ഓരോരുത്തരുടെ പേരും എന്തിലാണ് വര്‍ക്ക് ചെയ്യുനത് എന്നുമാണ് മദാമ്മയോടു മാനേജര്‍ പറയുന്നത്. എന്റെ അടുത്തെത്തിയപ്പോള്‍ എന്നോട് അങ്ങേര്‍ക്കു സ്നേഹം കൂടിയട്ടാണോ എന്നറിയില്ല. എന്റെ പേര് മാത്രം പറഞ്ഞ് അടുത്ത ആളിലോട്ടു പോയി. അടുത്ത ആളുകളെ കുറിച്ച് വല്ലാത്ത കൊട്ടി ഘോഷിക്കല്‍. എനിക്ക് വല്ലാത്ത സന്തോഷം തോന്നി. ഞാന്‍ പിന്നേം ആരായി ???? എന്തോ എനിക്ക് മുമ്പ് അങ്ങേരോട് തോന്നിയ ആ സ്നേഹം വര്‍ദ്ധിച്ചിട്ടാണോ എന്നറിയില്ല , കുമിളകളായി വന്ന ആ സ്നേഹവും സന്തോഷവും അന്നത്തെ ഫേസ് ബുക്ക്‌ സ്റ്റാറ്റസ് ആയി സഭ്യമായ ഭാഷയില്‍ പ്രകടിപ്പിക്കാനെ എനിക്ക് കഴിഞ്ഞുള്ളൂ.



അന്ന് തന്നെ മദാമ്മയുള്ള ഒരു മീറ്റിംഗ് നടന്നു. എന്തൊക്കെയോ അവര്‍ പറയുന്നു. ചിലതൊക്കെ തലയില്‍ കേറും. ചിലത് ഒരു പൊടി പോലും കിട്ടില്ല. ഇടയ്ക്കിടെ മദാമ്മ പെര്‍ഫെക്റ്റ്‌ , എക്സലെന്റ്റ് എന്നൊക്കെ പറയുന്നുണ്ട്. ഇത് കേട്ട് ചിലവന്മാര്‍ കയ്യടിക്കുന്നു. ഞാന്‍ അങ്ങോട്ടും ഇങ്ങോട്ടും നോക്കി. ഇവന്മാരൊക്കെ എന്തറിഞ്ഞിട്ടാണ്. ഞാനും കയ്യടിച്ചു. അല്ലേല്‍ മദാമ്മ എന്ത് വിചാരിക്കും.



ഇനിയും ഒരുപാടു എഴുതണം എന്നുണ്ട്. ഒരു പരിധിയില്‍ കൂടുതല്‍ ഓഫീസ് കാര്യങ്ങള്‍ എഴുതാന്‍ പാടില്ലല്ലോ. ഇത്രേം തന്നെ എഴുതിയത് മനസില്ലാമനസ്സോടെയാണ്. എഴുതിയ ചില കാര്യങ്ങളില്‍ അല്പം പൊടിപ്പും തൊങ്ങലും വെച്ച് പിടിപ്പിച്ചിട്ടുണ്ട്. എതൊരു ഐടി ഉദ്യോഗസ്ഥനും ഇത്തരമൊരു ജീവിതത്തിലൂടെ തന്നെയല്ലേ കടന്നു പോകുന്നത്. അതായതു "പട്ടിക്ക് എല്ല് കൊടുക്കേം ഇല്ല , എന്നാല്‍ തലപ്പത്തിരിക്കുന്നവരെ വീശികൊണ്ടിരിക്കേം വേണം. "