Friday, August 5, 2011

മുല്ലപ്പെരിയാര്‍ അണക്കെട്ടീന്നു നീ വെള്ളം മോഷ്ടിക്കും..അല്ലേടാ? (ഒരു ഏറ്റുമുട്ടലിന്റെ കഥ)

ഇന്ന് മുല്ലപ്പെരിയാര്‍ ഒരു വലിയ പ്രശ്നം ആയിക്കൊണ്ടിരിക്കുകയാണ്. പണ്ടുകാലത്ത് ഏതോ പാട്ട കരാര്‍ ഉണ്ടായിരുന്നു എന്ന് വെച്ച് പൊട്ടാറായി നില്‍ക്കുന്ന അണക്കെട്ടീന്നു തമിഴ്നാടിനു ഇപ്പോഴും വെള്ളം വേണം. പുതിയത് നിര്‍മ്മിക്കാനും പാടില്ല. എന്തിനാണ് ഈ പിടിവാശി എന്ന് ഒട്ടും മനസിലാകുന്നില്ല. മറ്റു സംസ്ഥാനങ്ങളെ ജലത്തിനെ ആശ്രയിക്കുന്ന ഇവര്‍ക്ക് ആ സംസ്ഥാനത്തെ ജനങ്ങളുടെ ജീവന് വില കല്‍പ്പിക്കാന്‍ കൂടി കഴിയേണ്ടേ ? എന്റെ പ്രതിഷേധം തമിഴ് ജനതയോടല്ല. തമിഴ്നാട് സര്‍ക്കാറിനോടാണ്.. സൗജന്യമായി വെള്ളം കൊണ്ട് പോകുന്നുവെങ്കില്‍ ഞങ്ങള്‍ക്ക് സൗജന്യമായി അരിയും പച്ചക്കറിയും വേണം.. തരാന്‍ പറ്റുമോ തമിഴ്നാട്‌ സര്‍ക്കാരിന് ? അണക്കെട്ട് നിര്‍മ്മിക്കാന്‍ കൂടുതല്‍ സമ്മര്‍ദം കേരളത്തിന്റെ ഭാഗത്ത്‌ നിന്നുണ്ടായാല്‍ റോഡ്‌ ഉപരോധങ്ങളും സമരവും. നാണമില്ലാത്ത സര്‍ക്കാരും അവരുടെ താളത്തിനൊത്ത് തുള്ളുന്ന ബോധമില്ലാത്ത പാര്‍ട്ടി പ്രവര്‍ത്തകരും...ഇത്രയും പ്രതിഷേധ വിവരണം കണ്ടപ്പോള്‍ ഞാന്‍ കൂടുതല്‍ രാഷ്ട്രീയ ചിന്തകളിലേക്ക് പോയി എന്ന് എന്റെ വായനക്കാര്‍ ധരിച്ച് കാണും. തെറ്റായ ആ ധാരണ തിരുത്തി കൊണ്ട് ഞാന്‍ വിഷയത്തിലേക്ക് വരുന്നു. ഇത് മലയാളി തമിഴ് ഏറ്റുമുട്ടലിന്റെ കഥയാണ്. വേറെ എവിടെയും അല്ല. എന്റെ ബിരുദാനന്തര ബിരുദ പഠന ക്ലാസ്സില്‍ തന്നെ..

ഈ കഥയിലെ പ്രധാന സ്ത്രീ കഥാപാത്രമാണ് സുപ്രിയ എന്ന മെലിഞ്ഞ സുന്ദരി. ഇവളുടെ പല്ലുകളും കണ്ണുകളും അതിമനോഹരമാണ്. ആരും ഒന്ന് നോക്കി നിന്നുപോകും.. ഇവളുടെ സുപ്രധാന ഡയലോഗ് ആണ് മുല്ലപ്പെരിയാര്‍ സംഭവത്തിന്റെ വഴിത്തിരിവ്. അത് ഇങ്ങനെയാണ്. "ഐ ഹെയ്റ്റ് ദീസ് ബോയ്സ്". ഇത് കേട്ടതോടെ ക്ലാസ്സിലെ എല്ലാരും നിശബ്ദരാകുന്നു. ഉടനെ തന്നെ പെണ്‍കുട്ടികളില്‍ ആരോ എണീറ്റ്‌ നിന്ന അവളെ പിടിച്ചിരുത്തുന്നു. ആകെ ഒരു കലഹാന്തരീക്ഷം. എല്ലാരും ഇറങ്ങി പോകുന്നു. ട്വന്റി 20 യുടെ പ്രധാന പോസ്റ്ററില്‍ ഉള്ള പോലെ ഞങ്ങള്‍ 6 പേര്‍ നിരയായി പുറത്തേക്കു വരുന്നു.. വഴിയില്‍ വെച്ച് വീണ്ടും ശത്രുക്കളെ കാണുന്നു. ചിലരുടെ മുഖത്ത് കടന്നല്‍ കുത്തിയ ഭാവം. റോസ് പൌഡര്‍ ഇട്ടിട്ടുണ്ടോ ആവൊ.. എന്താണ് സംഭവിച്ചത് ? ഇവിടെ നിന്ന് ഞാന്‍ വീണ്ടും പിന്നോട്ട് പോകുന്നു.


നാലാം സെമെസ്റ്റെറിന്റെ ആരംഭം. ശങ്കരനാണ് ക്ലാസ്സിലെ ആണ്‍ തലവന്മാരില്‍ ഒന്ന്. മുഖര്‍ജി വേറൊരു തലവന്‍. കാലാകാലങ്ങളായി വന്ന കീഴ്വഴക്കം അനുസരിച്ച് തമിഴ് ഭാഗത്ത്‌ നിന്ന് ഒരാളും മലയാളി ഭാഗത്ത്‌ നിന്ന് ഒരാളുമാണ് ക്ലാസ്സ്‌ തലവന്മാര്‍ ആകുക( ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും). ശങ്കരന്‍ മലയാളി ആണ്. പക്ഷെ ജനിച്ചതും വളര്‍ന്നതും തമിഴ്നാട്ടില്‍. പക്ഷെ അവന്‍ മലയാളി ഭാഗത്ത്‌ നിന്നുള്ള തലവന്‍ ആയി. എന്താണേലും അവന്‍ രണ്ടു കൂട്ടരോടും നന്നായി സംസാരിക്കും. മുഖര്‍ജി ശരിക്കും ഒരു ഉത്തരേന്ത്യക്കരനാണ്. പക്ഷെ വളര്‍ന്നത്‌ തമിഴ്നാട്ടിലും.iതമിഴ് ഭാഗത്ത്‌ നിന്ന് ഇവന്‍ തലവനായി. ഇവന്‍ അങ്ങനെ മറ്റുള്ളവരെ വകതിരിച്ചു കാണാത്ത ഒരു നിഷ്കളങ്ക മനോഭാവം ഉള്ളവനാണ്. ഒരു ഞായറാഴ്ച ആണെന്ന് തോന്നുന്നു അത് സംഭവിച്ചത്. ഒരു സായാഹ്നത്തില്‍ ഞങ്ങള്‍ അറിയുന്നു. "അതവര്‍ ഞങ്ങളെ അറിയിച്ചില്ല" എന്ത് ? "കലാലയത്തിലെ പൂര്‍വ വിദ്യാര്‍ഥി സംഗമത്തിന് ഞങ്ങളുടെ ക്ലാസ്സില്‍ നിന്ന് വളന്റിയെര്സിനെ ആവശ്യപ്പെട്ടിരിക്കുന്നു. ചെല്ലുന്നവര്‍ക്ക് ബാംഗ്ലൂര്‍ യാത്രയും (അവിടേം കസേര ചുമക്കാന്‍ ) പിന്നെ ഒരു ടി ഷര്‍ട്ടും (ഇതൊന്നും ഞങ്ങള്‍ കാണാത്തത് അല്ലല്ലോ) . ക്ലാസ്സിലെ അരുണാചലത്തോട് HOD ഇത് പറഞ്ഞു എന്നാണ് ഞങ്ങള്‍ അറിഞ്ഞത്. കാര്യം മുഴുവന്‍ ഉച്ചക്ക് തന്നെ നടന്നു. തമിഴ് ആണ്‍കുട്ടികള്‍ അവരുടെ ഭാഗത്ത്‌ നിന്ന് തന്നെ കുറച്ചു പേരെ തിരഞ്ഞെടുത്തു. പെണ്‍കുട്ടികള്‍ കുറെ പേര്‍ തയ്യാറായി വന്നപ്പോള്‍ (മലയാളികളടക്കം) അവര്‍ തന്നെ ലോട്ട് ഇട്ടു ആളെ തിരഞ്ഞെടുത്തു. ഇതെല്ലാം ഞങ്ങള്‍ അറിഞ്ഞില്ല. വൈകുന്നേരം ആന്ധ്രക്കാരനായ വീരകാരു വന്നു കാര്യം പറഞ്ഞപ്പോഴാണ് ഞങ്ങള്‍ അറിയുന്നത്.


ഇത് കേട്ട ഞങ്ങള്‍ മലയാളികള്‍ കുപിതരായി. ഇതൊന്നു ചോദിച്ചട്ട് തന്നെ കാര്യം. ഇതറിഞ്ഞ അരുണാചലത്തിനും തലവന്‍ മുഖര്‍ജിക്കും ഞങ്ങളെ അറിയിച്ചു കൂടെ ? ഞങ്ങള്‍ എന്താ ഇതൊന്നും അറിയാന്‍ പാടില്ലേ ? പല നാളുകളായി പൊട്ടിതകരാന്‍ സാധ്യത ഉള്ള മുല്ലപെരിയാര്‍ അണക്കെട്ട് നാളെ പൊട്ടും എന്ന് എനിക്ക് ഉറപ്പായി. ശങ്കരന്‍ അധികം ഒന്നും സംസാരിച്ചില്ല. അബ്ദുല്ലകുട്ടിക്കു വല്ലാത്ത ചൊറിച്ചില്‍. അവന്റെ ചൊറിച്ചില്‍ കണ്ടാല്‍ അവന്‍ ഇപ്പൊ പോയി കസേര ചുമക്കും എന്ന് തോന്നും. ഉണ്ണികൃഷ്ണന് നല്ല പ്രതിഷേധം. അവനും ശങ്കരനും ഇത് ചോദിച്ചേ മതിയാകൂ എന്നായി. മഞ്ജുനാഥന്‍ കോപം കൊണ്ട് വിറളി പൂണ്ടു നില്‍ക്കുന്നു. എന്റെ ഉള്ളിന്റെ ഉള്ളില്‍ ഒരു മിന്നല്‍. "ഈ തമിഴന്മാര്‍ക്കെന്താ കൊമ്പുണ്ടോ ? അതോ ഞങ്ങള്‍ക്കും അതുണ്ടോ ? "


അവസാനം മഞ്ജുനാഥനും ശങ്കരനും ഇത് അവരോടു ചെന്ന് ചോദിക്കാം എന്ന് തീരുമാനിച്ചു. കലാലയത്തിന്റെ പ്രധാന കവാടത്തിലാണ് കസേര ചുമന്നിരുന്ന അവര്‍ക്ക് വൈകീട്ട് ജോലി. സംഗമത്തിന് വരുന്നവരുടെ പേരെഴുതുന്നു. മഞ്ജുനാഥനും ശങ്കരനും അവിടെയെത്തി. മുഖര്‍ജിയോടു കാര്യം ചോദിച്ചു. അവനു ഒന്നും പറയാനില്ല. അവന്‍ എന്ത് പറയാന്‍. തെറ്റ് പറ്റി പോയില്ലേ ? പിന്നെ ആരാണ് ഇതിനു പിന്നില്‍ ചരട് വലിച്ചത്. 2 പേര്‍ക്കും ആളെ മനസിലായി. നമുക്ക് നാളെ ക്ലാസ്സില്‍ വെച്ച് കാണാം എന്ന് പറഞ്ഞു സ്ഥലം വിട്ടു. തീപ്പൊരി അവിടെ ആളി. നാളെ അത് കത്തും.. പിന്നെ പൊട്ടിത്തെറിക്കും..


തിങ്കളാഴ്ച നേരം പുലര്‍ന്നു. സാധാരണ പോലെ എല്ലാരും കുളിച്ചു ഭക്ഷണം കാഴ്ചിച്ചു ക്ലാസ്സിലേക്ക്. എന്റെ മനസ്സില്‍ കോപവും ദു:ഖവും നിറഞ്ഞു നില്‍ക്കുന്നു. എന്താണ് ഇന്നിവിടെ നടക്കാന്‍ പോകുന്നത്. ആദ്യത്തെ പീരീഡ്‌ കഴിഞ്ഞപ്പോള്‍ തലൈവര്‍ മുഖര്‍ജി ക്ലാസ്സിനെ അഭിമുഖീകരിച്ചുകൊണ്ട് ഞാന്‍ രാജി സമര്‍പ്പിക്കുന്നു എന്ന് അറിയിച്ചു . കേട്ട് നിന്ന എല്ലാ തരുണീമണികളും സ്തബ്ധരായി. എന്ത് ഞങ്ങളുടെ പ്രിയങ്കരന്‍ മുഖര്‍ജിയണ്ണന്‍ എന്തിനു രാജി വെക്കണം. അതും അധികാരത്തില്‍ ഏറിയ സമയത്ത് തന്നെ. പെട്ടന്ന് തന്നെ ശങ്കരനും വന്ന് കൊണ്ട് നീ രാജി വെച്ചാല്‍ ഞാനും രാജി വെക്കുമെന്ന് ഭീഷണി മുഴക്കി. ചില പൂതനമാര്‍ക്ക് സന്തോഷമായി എന്ന് തോന്നുന്നു. പക്ഷെ മുഖര്‍ജി ചേട്ടന്‍ പോകാന്‍ പാടില്ലല്ലോ... ശങ്കരന്‍ ഉടനെ തന്നെ നമുക്ക് ഇതിനെ കുറിച്ച് ക്ലാസ്സ്‌ കഴിഞ്ഞതിനു ശേഷം സംസാരിക്കാം എന്ന് പറഞ്ഞു പിരിഞ്ഞു.


അങ്ങനെ സമയം സമാഗതമായി. നാലു മണി. ക്ലാസ്സ്‌ കഴിഞ്ഞു. എല്ലാരും പുറത്തേക്കു പോകാന്‍ ഒരുങ്ങുന്നു. പെട്ടന്ന് ശങ്കരന്‍ മുന്നിലോട്ടു വന്ന് നിന്ന് കൊണ്ട് എനിക്ക് എല്ലാരോടും സംസാരിക്കാന്‍ ഉണ്ടെന്നു പറയുന്നു. മുഖര്‍ജിയെയും വിളിക്കുന്നു. പെട്ടന്ന് സ്ഥലം വിടാന്‍ ഒരുങ്ങി നിന്ന എല്ലാരും കലപില കൂട്ടുന്നു. ശങ്കരന്‍ കാര്യങ്ങള്‍ വിവരിക്കുന്നു. മുഖര്‍ജി താഴത്തോട്ടു നോക്കി നില്‍ക്കുന്നു. അവസാനം ശങ്കരന്‍ പറയുന്നു. "എന്ത് കൊണ്ട് ഞങ്ങള്‍ 6 പേരെ അറിയിച്ചില്ല ? " മുഖര്‍ജിക്ക് അപ്പോഴും ഒന്നും പറയാനില്ല. പെട്ടന്ന് വില്ലന്‍ അങ്ങോട്ട്‌ ചാടി വീഴുന്നു.. ആരാണത്..വേറാരും അല്ല. നമ്മുടെ അരുണാചലം!! ശങ്കരന്‍ പറയുന്നു.. "നിന്നോട് ഒന്നും എനിക്ക് പറയാനില്ല. എനിക്ക് മറുപടി കിട്ടേണ്ടത് മുഖര്‍ജിയില്‍ നിന്നുമാണ്. എന്റെ ആത്മഗതം "എന്തിനാടാ വിളിക്കാത്ത സദ്യക്ക് വന്നിരിക്കുന്നത്. വെറുതെ അടി വാങ്ങാന്‍.... പോലിസുകാര്‍ക്കെന്താ ഈ വീട്ടില്‍ കാര്യം". അരുണാചലം പറഞ്ഞു തുടങ്ങുന്നു. ശങ്കരന്‍ അവനെ പറയാന്‍ സമ്മതിക്കുന്നില്ല. അവന്‍ ആംഗലേയത്തിലും മലയാളത്തിലും അവനോടു പോകു എന്ന് പറയുന്നു. മണി മണിയായ്‌ തമിഴ് പറയുന്ന ശങ്കരന് അപ്പോള്‍ തമിഴും വരുന്നില്ല. അരുണാചലം പറയുന്നു. " എന്നോടാണ് HOD ഇതെല്ലാം പറഞ്ഞത്. അപ്പോള്‍ ഇതിനു ഉത്തരം പറയേണ്ട ചുമതല എനിക്കാണ്. മുഖര്‍ജിക്ക് ഒന്നും അറിയില്ല. അവന്റെ രാജിക്ക് ഇതുമായി യാതൊരു ബന്ധവുമില്ല. " ശങ്കരന്‍ എതിര്‍ക്കുന്നു. നിന്റെ മറുപടി എനിക്ക് വേണ്ട. കേട്ട് നിന്ന തമിഴ് പെണ്‍കുട്ടി തരുണ പറയുന്നു "അവനെ പറയാന്‍ അനുവദിക്കു. അവനും ക്ലാസ്സിലെ ഒരു അംഗം അല്ലെ ? " എന്റെ ആത്മഗതം "ഇവളാരാ ലോകസഭ സ്പീക്കര്‍ ആണോ ? വേറെ പണിയില്ലേ പെണ്ണുംപിള്ളക്ക്"


ഒന്നും മുഴുവന്‍ പറയാന്‍ പറ്റാതിരുന്ന അരുണാചലം (സത്യത്തില്‍ അവനു ഒന്നും പറയാന്‍ ഇല്ല.. ഉരുണ്ടുകളിക്കാ എന്ന് പറയില്ലേ ? അത് തന്നെ സംഭവം ) ആക്രോശിക്കുന്നു... ക്ലാസ്സ്‌ കിടുങ്ങുന്നു. തമിഴില്‍ മുടിഞ്ഞ ഡയലോഗുകള്‍. "എന്ടാ.. എന്നെ പേസ വിടലയാ..." അവന്‍ കയ്യോങ്ങുന്നു. തമിഴ്മക്കള്‍ ഓടിച്ചെന്നു അവനെ തടയുന്നു. ഉടനെ തന്നെ ശങ്കരനും കയ്യോങ്ങുന്നു. മഞ്ജുനാഥനും ഹരിക്കുട്ടനും ഉണ്ണിയും ചെന്ന് അവനെ തടയുന്നു. വീണ്ടും അങ്ങോട്ടും ഇങ്ങോട്ടും വാക്കേറ്റം. മഞ്ജുനാഥന്‍ സമാധാനത്തിന്റെ ഭാഷയില്‍ എന്തോ പറയുന്നു. ഒന്നും വിലപ്പോകുന്നില്ല. പെട്ടന്നാണ് ഇതെല്ലാം കണ്ടു മനം നൊന്ത നമ്മുടെ നായിക സട കുടഞ്ഞു എഴുനെല്‍ക്കുന്നത്. അവള്‍ പറയുന്നു "ഐ ഹെയ്റ്റ് ദീസ് ബോയ്സ്". ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിന്നിരുന്ന ക്ലാസ്സിലെ എല്ലാരും അത് കേട്ടതോടെ അസ്വസ്ഥരാകുന്നു. എല്ലാവരും കലപില കൂട്ടാന്‍ തുടങ്ങുന്നു. ഒരു പറ്റം പെണ്‍കുട്ടികള്‍ പുറത്തേക്കു പോകുന്നു. തമിഴ് മക്കള്‍ എല്ലാരും കൂടെ അരുണാചലത്തെ പിടിച്ചു സ്ഥലം വിടുന്നു. മുല്ലപ്പെരിയാര്‍ പാതി പൊട്ടിയ സന്തോഷത്തില്‍ ഞങ്ങളും പുറത്തേക്കു....
സേതു രാമയ്യരുടെ പിന്നണി സംഗീതം ഒന്ന് ഈ നിമിഷത്തിനു സംകല്‍പ്പിച്ചു നോക്കു. അതിമനോഹരം അല്ലെ ?

ഇത് കുറെ നാളായി നടക്കാനിരുന്ന സംഭവം ആണ്. നടക്കേണ്ടത്‌ നടന്നെ പറ്റൂ. മലയാളികളും തമിഴന്മാരും കലാലയങ്ങളിലും ചില പ്രത്യേക പ്രദേശങ്ങളിലും ഒരിക്കലും ഒരുമിച്ചു സൗഹൃദത്തോടെ വാഴിലെന്നു തോന്നുന്നു. പാരമ്പര്യമായി ഞങ്ങളുടെ സീനിയേര്‍സില്‍ നിന്നും ഞങ്ങള്‍ക്ക് കിട്ടിയിരിക്കുന്ന സ്വഭാവസവിശേഷത ആണിത്. അപകര്‍ഷതാബോധവും സാമ്പത്തികമാന്ദ്യവും അനാവശ്യമായ എതിര്‍പക്ഷ ചിന്തകളും ആണോ ഇതിനു കാരണം ? വേറെ ഒരു തരത്തില്‍ ചിന്തിച്ചാല്‍ വ്യത്യസ്ത തരത്തിലുള്ള സാംസ്കാരികതയില്‍ ഉള്ളവര്‍ക്ക് ഒരിക്കലും മറ്റുള്ളവരുടെ ചില ചെയ്തികളെ ഒരിക്കലും ഉള്‍ക്കൊള്ളാന്‍ ആകില്ല. ഇത്തരം പ്രശ്നങ്ങള്‍ മലയാളികളുടെ മാത്രം ഇടയില്‍ നമുക്ക് കാണാന്‍ സാധിക്കാരില്ലേ? അത് പോലെ തന്നെയാണ് ഇതും സംഭവിച്ചത്. മാതൃഭാഷയിലെ വ്യത്യാസം സൗഹൃദത്തിനു വിലങ്ങുതടിയായാല്‍ അത് ഇത്തരം കൊച്ചു പ്രശ്നങ്ങളിലേക്ക് എത്തിച്ചേരുന്നത് സര്‍വസാധാരണമാണ്.


സംഭവത്തിന്‌ ശേഷം കുറച്ചു ദിവസങ്ങളില്‍ ഞങ്ങളുടെ ഇടയില്‍ അതികം സംസാരം നടന്നില്ല. പരസ്പരം കണ്ടാല്‍ അറിയാത്ത പോലെയുള്ള നടപ്പ്. കണ്ടാല്‍ മുഖത്തോട്ട് നോക്കില്ല. ശങ്കരനും മുഖര്‍ജിയും നേരിട്ട് സംസാരിച്ച് രണ്ടു മാസത്തേക്ക് രണ്ടു പേരും തലൈവര്‍ സ്ഥാനം തുടരാമെന്നുള്ള ഒത്തുതീര്‍പ്പില്‍ എത്തി...അടുത്ത ദിവസം കഥാനായിക സുപ്രിയ ക്ലാസ്സിനെ അഭിമുഖീകരിച്ചു കൊണ്ട് ആണ്കുട്ടികളോട് മാപ്പ് പറഞ്ഞു. ചിലര്‍ കൂക്കി വിളിച്ചു. എന്റെ ആത്മഗതം "ഇവള്‍ക്ക് എന്തിന്റെ കൃമികടി ആയിരുന്നു ? ഇതിലൊക്കെ കേറി ഇടപെടേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ ? " പക്ഷെ ഒരു കാര്യത്തില്‍ ഇവളോട്‌ നന്ദിയുണ്ട്. ശങ്കരന് കിട്ടേണ്ടിയിരുന്ന അടി ഒഴിവായത് ഇവളുടെ ആ ഡയലോഗ് കൊണ്ട് മാത്രമാണ്. ശങ്കരന് അടി കിട്ടിയിരുന്നേല്‍ പിന്നെ അവനും അടി തിരിച്ചു കിട്ടുമായിരുന്നു. അങ്ങനെ അതൊരു വല്ലാത്ത പ്രശ്നം ആയി മാറിയേനേ.
ഈ പ്രശ്നങ്ങള്‍ മുഴുവന്‍ ഉണ്ടാക്കിയ ഞങ്ങളുടെ ഉള്ളിലിരുപ്പ് ഇതായിരുന്നു. "മര്യാദക്ക് അറിയിക്കാനുള്ളത് ഞങ്ങളെ അറിയിച്ചാല്‍ പോരായിരുന്നോ. കസേര ചുമക്കാനും പാത്രം കഴുകാനും ഞങ്ങടെ പട്ടി വരും..അല്ല പിന്നെ. " കാലങ്ങള്‍ കടന്നു പോയി. അറിയേണ്ട കാര്യങ്ങള്‍ അറിഞ്ഞു തുടങ്ങി. പതുക്കെ പതുക്കെ പ്രശ്ന തീവ്രത കുറഞ്ഞു വന്നു. രണ്ടു കൂട്ടരും കാണുമ്പോള്‍ വീണ്ടും പഴയ പോലെ സംസാരിക്കാന്‍ തുടങ്ങി. പക്ഷെ ഉള്ളിന്റെ ഉള്ളില്‍ പറയുന്നത് ഇങ്ങനെ ആയിരിക്കും "മുല്ലപ്പെരിയാര്‍ അണക്കെട്ടീന്നു നീ വെള്ളം മോഷ്ടിക്കും..അല്ലേടാ?"

Monday, August 1, 2011

പുലിമടയിലെ പുലിക്കുട്ടികള്‍

ഞാന്‍ 7 വര്‍ഷം പിന്നോട്ട് പോകുന്നു. ഒരു കൊച്ചു ക്ലാസ്സ്‌ മുറി. 28 വിദ്യാര്‍ത്ഥികള്‍. എന്റെ ബിരുദ പഠന ക്ലാസ്സ്‌. ഞങ്ങള്‍ പുറമ്പോക്കിലെ പിള്ളേര്‍ ആണ്. ക്രൈസ്റ്റ് കോളേജില്‍ ഇഷ്ടം പോലെ കാലിക്കറ്റ്‌ സര്‍വകലാശാല കോഴ്സ്കള്‍ ഉണ്ട്. പിന്നെ എന്ത് കുരുട്ടുബുദ്ധി തോന്നിയട്ടാണോ കമ്പ്യൂട്ടര്‍ ശാസ്ത്രം പഠിക്കണം എന്ന ഉറച്ച തീരുമാനത്തോടെ ഭാരതിയാര്‍ സര്‍വകലാശാലയുടെ ഓഫ്‌ ക്യാമ്പസ്‌ സെന്റെറില്‍ വന്നു ചേര്‍ന്നത്‌. പലര്‍ക്കും +2 മാര്‍ക്കായിരുന്നു പ്രശ്നം. ചിലര്‍ക്ക് എവിടെയെങ്കിലും ചേര്‍ന്ന് പഠിച്ചാല്‍ മതി എന്നായിരുന്നു. എന്തൊക്കെ ആണെങ്കിലും ഞങ്ങള്‍ എല്ലാരും 3 വര്‍ഷത്തേക്ക് അവിടെ ഒരുമിച്ചു. അവിടെയാണ് പുലിമടയുടെ ഉദയം. പുലിക്കുട്ടികള്‍ ഒത്തുചേര്‍ന്നാല്‍ അവര്‍ക്ക് വിശ്രമിക്കാന്‍ പുലിമട വേണമല്ലോ.

സത്യത്തില്‍ ഈ പുലിമട എന്നത് ക്ലാസ്സിലെ ഒരു പറ്റം ആണ്‍കുട്ടികള്‍ ഒഴിവു സമയത്ത് വിശ്രമിക്കുന്ന ബാസ്കെറ്റ്‌ ബോള്‍ കോര്‍ട്ടിന്റെ സമീപ പ്രദേശത്തിന് നല്‍കിയ പേരാണ്. പക്ഷെ ആ പേര് ഞങ്ങള്‍ എല്ലാരും ചേര്‍ന്ന് ഞങ്ങളുടെ ക്ലാസിനു നല്‍കി. പുലിക്കുട്ടികളില്‍ ഞാന്‍ ആദ്യം പരിചയപ്പെടുത്തുന്നത് ഞാന്‍ അടക്കം വരുന്ന 4 പേരെയാണ്. എന്നെ ഞാന്‍ പ്രത്യേകിച്ച് പരിചയപ്പെടുത്തുന്നില്ല. ഞങ്ങളുടെ തലവനാണ് ഹരിക്കുട്ടന്‍ എന്ന പുലിക്കുട്ടി. പുലിമടയുടെ ലീഡര്‍ ആയി 1.5 വര്‍ഷം ഇവന്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്. സര്വകലാവല്ലഭാനായ ഇവനെ ഓര്‍ക്കണമെങ്കില്‍ ഒരു ഡയലോഗ് മാത്രം മതി "ഇത്തവണത്തെ ഓണാഘോഷം ഹൗസ് വൈസ് വേണോ അതോ ക്ലാസ്സ്‌ വൈഫ്‌ വേണോ ? ". ഞങ്ങളുടെ പുരുഷോത്തമന്‍ പുലി കേമനാണ്. നേരെ വാ നേരെ പോ ചിന്താഗതിക്കാരന്‍ ആണിവന്‍. അതികം സംസാരിക്കാത്ത മറ്റൊരു പുലിയുണ്ട്. അവനാണ് ഗുണദീപന്‍. ആദ്യകാലങ്ങളില്‍ എന്തെങ്കിലും ചോദിച്ചാല്‍ മാത്രം മറുപടി കിട്ടും. പിന്നെ ആള് കുറച്ച് മാറി. ഈയടുത്ത് കണ്ടപ്പോള്‍ ഞാന്‍ ഞെട്ടി. അല്ലെങ്കിലും ഐഡിയ ഉപയോഗിക്കുന്നത് കൊണ്ടാകും. ആര്‍ക്കാണ്‌ ഒരു മാറ്റം ഇഷ്ടമല്ലാത്തത്‌.

വിരുതനായ ഒരു പുലിക്കുട്ടിയാണ് കുഞ്ഞുണ്ണി. ആള് നല്ല വികൃതിയാണ്. കൊച്ചു കുട്ടികളുടെ പോലുള്ള ഒരു ഭാവം. പക്ഷെ ആളൊരു കള്ള കൃഷ്ണനാണ്. ഒരു സ്റ്റൈല്‍ മന്നനാണ് കുമാരന്‍ തമ്പി എന്ന പുലിക്കുട്ടി. എല്ലാ ദിവസങ്ങളിലും പല പല ഭാവങ്ങള്‍ .പല പല രൂപങ്ങള്‍. കോളേജില്‍ ആദ്യമായി 2 വീലെറില്‍ വന്ന രജനികാന്ത് ഇവന്‍ ആണെന്ന് തോന്നുന്നു. പുരുഷോത്തമന്റെയും കുഞ്ഞുണ്ണിയുടെയും നാട്ടുകാരനായ ലാലപ്പനും ഒരു കൊച്ചു സ്റ്റൈല്‍ മന്നന്‍ ആണ്. പക്ഷെ കുമാരന്‍ തമ്പിയെ കടത്തി വെട്ടാന്‍ ഇവന്‍ ആളായിട്ടില്ല. അസീസ്‌ എന്ന ഉയരം കൂടുതലുള്ള ഒരു പുലിയുണ്ട്. ഒരിക്കല്‍ ക്രിക്കറ്റ്‌ കളിക്കുന്നതിനിടയില്‍ പന്തെടുക്കാന്‍ ഓടിയ കക്ഷി 10 അടി ഉയരത്തില്‍ നിന്ന് താഴോട്ട് ചാടിയട്ട് താഴെ വന്ന് നിന്ന നില്‍പ്പില്‍ നിന്നു. ഒരു പോറലും പോലും ഈ പുലിക്കു പറ്റിയില്ല. ഒളിംപിക്സ് മെടലിനു ശ്രമിച്ച അഞ്ജു ബോബി ജോര്‍ജ് പോലും തോറ്റു പോകുന്ന ചാട്ടം.

ശുഭജിത്ത് , സുലോചനന്‍ , നവനീത്കുമാര്‍ , അന്തപ്പന്‍ എന്നീ നാലു പുലികള്‍ ഞങ്ങളുടെ കൂട്ടത്തിലെ ചുണക്കുട്ടന്മാര്‍ ആണ്. ഇതില്‍ ശുഭജിത്ത് ചില നേരത്ത് ഭയങ്കര വികാരധീനന്‍ ആകും. ഏതു നേരത്താണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എവിടെയെങ്കിലും ചീവിട് കരയുന്നതോ കൊതുക് മൂളുന്നതോ പോലുള്ള ശബ്ദം കേട്ടാല്‍ സുലോചനനും അന്തപ്പനും ആ പരിസരത്ത് ഉണ്ടെന്നു പെട്ടന്ന് തിരിച്ചറിയാം. കടുത്ത മമ്മൂട്ടി ആരാധകനാണ് സുലോചനന്‍. അതുകൊണ്ട് തന്നെ അവനു എതിരാളി ഉണ്ട്. മോഹന്‍ലാല്‍ ആരാധകനായ പുഷ്ക്കരന്‍. 2 പേരും തങ്ങളുടെ താരത്തിനു വേണ്ടി അടിപിടി കൂടുമ്പോള്‍ ഞാന്‍ എപ്പോഴും സുലോചനന്റെ ഭാഗത്ത്‌ ആയിരിക്കും. കാരണം ഞാനും ഒരു മമ്മൂട്ടി ആരാധകന്‍ തന്നെ. നവനീത്കുമാര്‍ ഒരു ഗ്ലാമര്‍ വീരന്‍ ആണ്. കൊച്ചു ഗള്ളന്‍ ആണിവന്‍! മണല്‍ വാരാന്‍ പോയി പോക്കറ്റ്‌ അടിക്കേണ്ടി വന്ന പുലിയാണ് ശ്യാമളന്‍. പുലിമടയിലെ പൊക്കം കുറഞ്ഞ എന്നാല്‍ വീര്യം കൂടിയ പുലി. ഷംസുദീന്‍ എന്ന പുലി ഒരു ക്യാമറ പ്രാന്തന്‍ ആണ്. എവിടെ ക്യാമറ കാണുന്നുവോ സിംഗിള്‍ ഫോട്ടോക്ക് പോസ് ചെയ്യാന്‍ അവന്‍ ചാടി വീണോളും.

പുലിമടയിലെ ഒരു സബ് ഗ്രൂപ്പ്‌ ആണ് ടീം ഹാജി. സബ് ഗ്രൂപ്പ്‌ എന്നൊന്നും പറയാന്‍ പറ്റില്ല. എങ്ങനെ ഈ പേര് വന്നു എന്ന് എനിക്കും ശരിക്ക് അറിയില്ല. ഇതില്‍ 4 പേരുണ്ട്. ഭാസ്കരന്‍ , ഷക്കൂര്‍ , മൊയ്ദീന്‍ , കൃഷ്ണന്‍. ഭാസ്കരന്‍ ഒരു തിളങ്ങുന്ന പ്രതിഭാസമാണ്. സ്നേഹാതുരനായ അവന്‍ പുലിമടയിലെ തന്നെ ഒരു പെണ്‍പുലിക്കു കണവനാണ് ഇപ്പോള്‍ . ഷക്കൂര്‍ ആംഗലേയത്തില്‍ പറയുന്ന ചില ഡയലോഗ് കേട്ടാല്‍ നമ്മള്‍ തരിച്ചു നിന്ന് പോകും. പക്ഷെ ആളൊരു പുലിയാണ്. പുലികളുടെ കൂട്ടത്തില്‍ ഇനിയെന്ത് പുലി അല്ലെ ? എന്നാല്‍ ഞങ്ങളുടെ ഭാഷയില്‍ സിങ്കം എന്ന് വിളിക്കാം. എല്ലായ്പോഴും ചിരിച്ചു കളിച്ചു കൊണ്ടിരിക്കുന്ന ഒരു പുലിയാണ് മൊയ്ദീന്‍. ഒരിക്കല്‍ ഞാനിവനെ നല്ല സ്നേഹത്തോടെ കുരങ്ങാ എന്ന് വിളിച്ചു. എന്റെ നിര്ഭാഗ്യമെന്നോണം അവന്‍ എന്നെ തന്നെ തിരിച്ചു വിളിച്ചു. കലികാലം അല്ലാതെന്തു പറയാന്‍.. കേമനാണ് കൃഷ്ണന്‍. ഇത്തിരി അടിപിടിയുണ്ടാക്കുമെങ്കിലും ആളൊരു ശുദ്ധനാണ്.

ഇപ്പോള്‍ മലയാളികളുടെ പൊന്നോമനയായ ടിന്റുമോന്റെ കൂട്ടുകാരന്‍ ഡുണ്ട്മോന്‍ എന്ന പുലി കൂട്ടത്തില്‍ ഉണ്ടായിരുന്നു. ആ പുലിയാണ് ഞങ്ങളുടെ മൂത്താപ്പ. ഏറ്റവും പ്രായം ചെന്ന ഞങ്ങളുടെ മൂപ്പന്‍ പുലി. ചളികളുടെ ആശാനാണ് പുള്ളി. 1-2 കൊല്ലം ഈ പുലിയുടെ അടുത്തിരുന്ന് എല്ലാം സഹിച്ച എനിക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം തരണം!! പുലികളില്‍ പുലിയായ ഞങ്ങളുടെ സെക്രട്ടറി പുലിയെ പരിചയപ്പെടുത്താന്‍ വിട്ടു പോയി. "എന്തുട്ട്...അതിനു ഞാന്‍ എന്തെങ്കിലും ചെയ്തോ " എന്ന ഡയലോഗ് ദിവസവും ഈ പുലി ക്ലാസ്സില്‍ പറയാറുണ്ട്. ഈ പുലിയുടെ പേരാണ് ലോനപ്പന്‍. "മൊത്രത്തില്‍ പറയുകയാണെങ്കില്‍ കീര്ത്തിച്ചക്ട കണ്ടു വരുന്ന വഴിക്ക് തമിഴ് സിനിമ തിരുട്ടു പടലെയുടെ പോസ്റ്റര്‍ കൂടെ കണ്ടു." ഇവന്‍ ഒരു വെള്ളി മോതിരം സ്ഥിരം ഇട്ടിരുന്നോ എന്ന് എനിക്കൊരു സംശയം ഇല്ലാതില്ല.

ഞങ്ങളുടെ കൂട്ടത്തിലെ പെണ്‍പുലികളാണ് പങ്കജം , പാറുകുട്ടി , സ്വര്‍ണം , മുത്തുലക്ഷ്മി , ആനന്ദവല്ലി , കമലം , കൊച്ചുറാണി തുടങ്ങിയവര്‍. നേരത്തെ പറഞ്ഞ ഭാസ്കരന്റെ സഹധര്‍മിണിയാണ് പങ്കജം ഇപ്പോള്‍. ചോറും വെള്ളം എന്ന പ്രത്യേക തരാം കഞ്ഞി വെള്ളം കണ്ടു പിടിച്ച ആളാണ് പാറുകുട്ടി. ഏറ്റവും പൊക്കം കൂടിയ പെണ്‍ പുലിയാണ് സ്വര്‍ണം. മുത്തുലക്ഷ്മിയും ആനന്ദവല്ലിയും വലിയ സുഹൃത്തുക്കളാണ്. അടുത്തടുത്ത നാട്ടുകാരും. കമലം ഞങ്ങള്‍ക്ക് ചേച്ചിയാണ്. കൊച്ചുറാണി ഞങ്ങള്‍ക്ക് ആത്മീയ ഗുരുവാണ്. ആദ്യ കാലങ്ങളില്‍ പെണ്‍ പുലികളുമായി വലിയ ചങ്ങാത്തം ഉണ്ടായിരുന്നില്ല. എന്തോ ആണ്‍ പുലികള്‍ക്ക് ആര്‍ക്കും അതിനു വലിയ താത്പര്യം ഉണ്ടായിരുന്നില്ല. പെണ്‍ പുലികള്‍ക്ക് ഇങ്ങോട്ടും. പുലിക്കുട്ടികള്‍ക്ക് ഇടയില്‍ ഒരു ഒത്തൊരുമ ആദ്യം വളരെ കുറവായിരുന്നു. പക്ഷെ പിന്നീടു നാളുകള്‍ ചെല്ലും തോറും ഒരു ശക്തമായ സൗഹൃദ ബന്ധം ഞങ്ങള്‍ക്കിടയില്‍ വളര്‍ന്നു വന്നു.

ലോനപ്പന്‍ , കുമാരന്‍ തമ്പി , കുഞ്ഞുണ്ണി , അന്തപ്പന്‍ , തുടങ്ങിയവര്‍ ഇടവേളകളില്‍ പുറത്തു പോകുന്നതും നേരം വൈകി വന്ന് ചാളയുടെയും മാതാവിന്റെയും ശകാരങ്ങള്‍ ഏറ്റു വാങ്ങി പുറത്തു നില്‍ക്കുന്നതും എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു. ചിലപ്പോള്‍ ചീത്ത പറഞ്ഞ ശേഷം ക്ലാസ്സില്‍ തന്നെ ഇരുന്നോളാന്‍ പറയും. ഈ പുലികള്‍ ഒരിക്കലും നന്നാകില്ലെന്നു അധ്യപര്‍ക്കും അറിയാം പുലികള്‍ക്കും അറിയാം. ഒട്ടുമിക്ക എല്ലാരും കേറി കഴിഞ്ഞതിനു ശേഷം ആയിരിക്കും ടീം ഹാജി വരുന്നത്. ചാള എങ്ങനെയോ ദേഷ്യഭാവം പ്രകടിപ്പിച്ചു ശകാരിക്കുമ്പോള്‍ ഞാന്‍ ഒന്നും അറിഞ്ഞില്ലേ എന്‍റെ അള്ളാ എന്ന മട്ടില്‍ മൊയ്ദീന്‍ ചിരിച്ചുകൊണ്ട് നില്‍ക്കും. കണ്ടുകൊണ്ടു ഇരിക്കുന്നവര്‍ക്ക് എല്ലാം ഒരു കോമഡി. ചില നേരത്ത് പുലികള്‍ക്ക് തോന്നും ഇതെന്താ സ്കൂള്‍ ആണോയെന്ന്..

സമരങ്ങള്‍ ഞങ്ങള്‍ക്ക് എന്നും ഒരു ആവേശമാണ്. പുറമ്പോക്കിലെ പിള്ളേര്‍ ആയതു കാരണം ചില സമരങ്ങള്‍ മാത്രമേ പുലിമട ക്ലാസ്സ്‌ മുറികളെ ബാധിക്കുകയുള്ളൂ.. അത്തരം സന്ദര്‍ഭങ്ങളില്‍ സമര ജാഥയെ പുലിമടയിലോട്ടു കൊണ്ട് വരാന്‍ പുലികള്‍ ശ്രമിക്കും. കിട്ടിയാല്‍ കിട്ടി ഇല്ലെങ്കില്‍ ചട്ടി....അങ്ങനെയെങ്കിലും അന്ന് ഒഴിവു കിട്ടുമല്ലോ. കിട്ടിയാല്‍ ഞങ്ങള്‍ കോളേജ് ഉദ്യാനത്തിലെ സപ്ലി മരത്തിനു താഴെ ഒത്തുകൂടും. പരസ്പരം തമാശ പറഞ്ഞ് നേരം കളയലാണ്‌ പതിവ്. ചിലര്‍ കുട്ടപ്പന്റെ കാന്റീനില്‍ കേറി പൊറോട്ടയും ഗ്രീന്‍പീസ്‌ കറിയും കഴിക്കും. ചിലപ്പോള്‍ തൊട്ടടുത്തുള്ള മാസ് തിയേറ്ററില്‍ നൂണ്‍ ഷോക്ക് കേറും. ചിലര്‍ സൈലന്റ് വാലിയില്‍ പോയി നേരം കളയും. ഞങ്ങള്‍ ഏറ്റവും കൂടുതല്‍ ആഹ്ലാദിച്ച നിമിഷങ്ങളായിരുന്നു 3 ദിവസം നീണ്ടു നിന്ന വയനാട് , മൈസൂര്‍ വിനോദയാത്ര. എല്ലാരും ഒത്തൊരുമിച്ച് ആനന്ദിച്ചു ഇത്രയും സൗഹൃദം പങ്കു വെച്ച വേറെ ഒരു സന്ദര്‍ഭവും പുലിമടയുടെ ചരിത്രത്തില്‍ ഇല്ല എന്ന് തോന്നുന്നു.

പുലിമട ഇന്ന് ഒരു പ്രസ്ഥാനമാണ്‌. പുലികള്‍ ലോകത്തിന്റെ പല കോണുകളിലായി ചിതറി കിടക്കുന്നു. പക്ഷെ ആ സുഹൃത്ബന്ധം ഇപ്പോഴും നിലനില്‍ക്കുന്നു. പുലികുട്ടികളില്‍ ഒരാള്‍ ഇപ്പോള്‍ ഞങ്ങളോട് കൂടെയില്ല. അവനു വേണ്ടി ഞാന്‍ ഈ ബ്ലോഗ്‌ സമര്‍പ്പിക്കുന്നു. ഈ പ്രപഞ്ചത്തിന്റെ ഏതെങ്കിലും ഒരറ്റത്ത് നിന്ന് കൊണ്ട് ഇത് വായിക്കാന്‍ അവനു സാധിക്കട്ടെ എന്ന് ഞാന്‍ ആശിക്കുന്നു. ഇത് വായിച്ച എല്ലാ പുലികള്‍ക്കും മറ്റുള്ളവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

Tuesday, July 26, 2011

ഔദ്യോഗിക ജീവിതത്തിലെ നേരമ്പോക്കുകളും വെല്ലുവിളികളും


ഇന്ന് ഒരു സുവര്‍ണ ദിവസമാണ്. ഔദ്യോഗിക ജീവിതം തുടങ്ങിയട്ടു 1 വര്‍ഷം പൂര്‍ത്തിയാകുന്നു. ഈ ഒരു സുന്ദര ദിനത്തില്‍ ഞാന്‍ നേരിടേണ്ടി വന്നിട്ടുള്ള വെല്ലു വിളികളും എന്റെ നേരമ്പോക്കുകളും ഇവിടെ പങ്കു വെക്കുന്നു.. ഞാന്‍ നേരിട്ട പ്രധാന വെല്ലുവിളി ജോലിയിലെ സംതൃപ്തി ഇല്ലായ്മ ആണ്. നമ്മള്‍ ചെയ്യുന്ന ജോലി നമുക്ക് ഒരു നേട്ടവും തരുന്നില്ല എങ്കില്‍ ആ ജോലി എങ്ങനെ ഇഷ്ടപ്പെടും ? ആദ്യ കാലങ്ങളില്‍ ഒരു സപ്പോര്‍ട്ട് പ്രോജെക്റ്റ്‌ ആയിരുന്നു എന്റെ പാനപാത്രത്തില്‍. പേര് സൂചിപ്പിക്കുന്ന പോലെ നമ്മള്‍ client നെ താങ്ങുന്നു കമ്പനി നമ്മളെയും താങ്ങുന്നു. ടീമിലെ തലൈവരും മുതിര്‍ന്ന അംഗങ്ങളും തരുന്ന ജോലി കണ്ടാല്‍ +2 മാത്രം പഠിച്ചാല്‍ മതി ഇത് ചെയ്യാന്‍ എന്ന് തോന്നി പോകും. ചില സമയങ്ങളില്‍ നമുക്ക് താങ്ങാന്‍ ആകുന്നതിലും അപ്പുറം ജോലി കിട്ടുമ്പോള്‍ , മനസ്സില്‍ എത്ര തെറി പറഞ്ഞിട്ടുണ്ട് എന്ന് എനിക്ക് തന്നെ അറിയില്ല.. ആകെയുള്ള ഒരു നേട്ടം എന്താണെന്നു വെച്ചാല്‍ രാത്രി കാലങ്ങളിലെ ഷിഫ്റ്റില്‍ ഇരുന്നാല്‍ കുറച്ചു പൈസ കൂടുതല്‍ കിട്ടും. പൈസ കിട്ടാന്‍ മാത്രമാണ് IT ഉദ്യോഗം എന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. മാനേജര്‍ , ലീഡ് എന്നിവരോടുള്ള നിരന്തരമായ അഭ്യര്‍ത്ഥന കാരണം എന്തോ ഭാഗ്യമെന്നോണം ആത്മസംതൃപ്തി നല്‍കുന്ന ഒരു പ്രൊജക്റ്റ്‌ എനിക്ക് കിട്ടി.

അതോടെ എല്ലാം എളുപ്പമായി എന്ന് വിചാരിക്കണ്ട. ജോലി ഇല്ലാത്തപ്പോള്‍ ഒട്ടും ഇല്ല. ഉള്ളപ്പോള്‍ ആവശ്യത്തിലും കൂടുതലുണ്ട്. ഇതില്‍ വന്നതിനു ശേഷം ഒരു ദിവസം പകല്‍ 11 മണി തൊട്ടു പിറ്റേ ദിവസം 7 മണി വരെയൊക്കെ ഇരിക്കേണ്ടി വന്നിട്ടുണ്ട്. സത്യം പറഞ്ഞാല്‍ അതെല്ലാം ആസ്വദിക്കാവുന്ന വെല്ലുവിളികള്‍ ആയിരുന്നു. ജോലി ചെയ്യുന്നതിലൂടെ എന്തെങ്കിലും സ്വയം പഠിക്കാന്‍ സാധിച്ചാല്‍ അതില്‍ കൂടുതല്‍ വേറെ എന്ത് വേണം ? നേരമ്പോക്കുകളിലേക്ക് ഒന്ന് എത്തി നോക്കിയാല്‍ ചായ/കാപ്പി കുടി സമയങ്ങളിലെയും ഉച്ചഭക്ഷ സമയങ്ങളിലെയും കൂടുകാരുമായുള്ള കുശലം പറച്ചില്‍ ആണ് പ്രധാനം ആയിട്ടുള്ളത്. ഫേസ് ബുക്ക്‌ , ഓര്‍ക്കുട്ട് , യു ട്യൂബ് ഇതെല്ലാം കൂടുതല്‍ ഉപയോഗിക്കാന്‍ ആദ്യ പ്രൊജക്റ്റ്‌ ആയിരുന്ന സമയത്ത് പറ്റിയട്ടുണ്ട്. ഇപ്പോള്‍ ജോലി ഇല്ലാത്ത സമയങ്ങളിലും. ജോലി ഇല്ലാത്ത ഇപ്പോഴത്തെ സമയങ്ങള്‍ എന്നെ ഫോട്ടോഗ്രഫി , ബ്ലോഗിങ്ങ് എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാന്‍ എന്നെ സഹായിച്ചു.

ഉദ്യോഗത്തിലെ ഇളം
തലമുറക്കാര്‍ മനസിലാക്കുക " ചെയ്യുന്ന ജോലി സംപൂര്‍ണതയോടും നന്നായും ചെയ്താല്‍ നിങ്ങള്ക്ക് പ്രശംസയും കൂടുതല്‍ കാശും അതിനൊപ്പം ആവശ്യത്തില്‍ കൂടുതല്‍ ജോലിയും ലഭിക്കും. നന്നായി ചെയ്യുന്നില്ല എങ്കില്‍ സ്ഥാന കയറ്റവും ശമ്പള വര്‍ധനവും ഉണ്ടാകില്ല. കൂടുതല്‍ സമ്പാദിക്കണം , പഠിക്കണം എന്നാണെങ്കില്‍ ഇവിടെ തന്നെ തുടരുക. അല്ലെങ്കില്‍ ഈ നരകം വിട്ടു വേറെ ജോലി കണ്ടു പിടിക്കുക " ഒരു കാര്യം കൂടി ഓര്‍ക്കുക. ഇഷ്ടപ്പെടാത്ത ജോലി രാജി വെക്കുമ്പോള്‍ താല്പര്യം ഉള്ള ജോലി കിട്ടി എന്ന് ഉറപ്പാക്കുക.. അല്ലാതെ പോയാല്‍ അന്നം മുട്ടുമെന്നു പ്രത്യേകിച്ച് പറയേണ്ട കാര്യം ഇല്ലല്ലോ..കൂടാതെ വീട്ടുകാരുടെയും നാട്ടുകാരുടെയും ശകാരങ്ങളും കേള്‍ക്കേണ്ടി വരില്ലല്ലോ..


ഉടന്‍ വരുന്നു.....മുല്ലപ്പെരിയാര്‍ അണക്കെട്ടീന്നു നീ വെള്ളം മോഷ്ടിക്കും..അല്ലേടാ?....

Thursday, July 21, 2011

പഞ്ചാര @ ലാബ്‌

നമ്മള്‍ അടുക്കളയില്‍ കണ്ടു വരുന്ന പഞ്ചസാര ലോപിച്ചാണ് പഞ്ചാര ആയി മാറിയത്. ആ ഒരു വാക്യം യുവാക്കള്‍ കടമെടുത്തു. അങ്ങനെ സമപ്രായത്തിലുള്ള പെണ്‍കുട്ടികളുമായി സംസാരിക്കുന്ന പ്രക്രിയ ആയി പഞ്ചാര മാറി. സത്യത്തില്‍ അതൊരു പ്രക്രിയ ആണോ ? അതൊരു പ്രതിഭാസമാണ്. അതൊരു സംഭവമാണ്. ആണ്‍കുട്ടികളെക്കാള്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ പഞ്ചാരയെ ഇഷ്ടപ്പെടുന്നു എന്നാണ് കണക്കെടുപ്പുകള്‍ സൂചിപ്പിക്കുന്നത്. സര്‍ക്കാര്‍ കണക്കെടുപ്പൊന്നും അല്ല.. ഇന്നത്തെ തലമുറയെ ഒന്ന് വീക്ഷിച്ചാല്‍ മതിയല്ലോ അത് മനസിലാക്കാന്‍..

അമൃതയിലെ ആദ്യ നാളുകള്‍ എല്ലാര്ക്കും പഞ്ചാരയടിക്കുന്നതിന്റെ ആവേശം ആയിരുന്നു. ആ ഒരു ആവേശം ഒരു അലകടല്‍ ആയി മാറിയത് ലാബ്‌ ക്ലാസ്സുകളില്‍ ആയിരുന്നു. അദ്ധ്യാപകര്‍ ആരും ലാബില്‍ വരാത്ത ഒരു ദിവസം ഉണ്ട് ആഴ്ചയില്‍. അന്നാണ് എല്ലാവരും പുഷ്പ്പിക്കാന്‍ വേണ്ടി ലാബിലേക്ക് വരിക. അന്ന് ലാബ്‌ ഒരു പുഷ്പോത്സവം നടക്കുന്ന സ്ഥലമായി മാറും എന്റെ കഴിഞ്ഞ ലക്കത്തിലെ ബ്ലോഗില്‍ സൂചിപ്പിച്ച പോലെ എന്റെ അപ്പുറവും ഇപ്പുറവും എല്ലാം പെണ്‍കുട്ടികള്‍ ആണ്. എന്റെ അവസ്ഥ പിന്നെ പ്രത്യേകിച്ച് പറയേണ്ടല്ലോ. പരദൂഷണം പറഞ്ഞും പാട്ട് പാടിയും നേരം കളയാന്‍ ഞാന്‍ മിടുക്കനാണ്. കാര്ത്യയിനിയും കല്യാണികുട്ടിയും കമലാക്ഷിയും എല്ലാം ഉള്ളിടത്തോളം അത് ഒരു വസന്തകാലം തന്നെ ആയിരുന്നു.. ഗോമതിയും ആനന്ദപ്രിയയും രുഗ്മിണിദേവിയും അഖിലാന്ടെശ്വരിയും എല്ലാം ലാബില്‍ പല പല സ്ഥലങ്ങളില്‍ ആയതു കാരണം പഞ്ചാര അടിക്കാനായി ഞങ്ങള്‍ ഇരിക്കുന്ന വരിയിലോട്ടു വരാറുണ്ട്.

ഈ കൊച്ചു കഥയിലെ ഉപനായകന്‍ ആയ ഉണ്ണികൃഷ്ണന്‍ അമൃതയിലെ ആദ്യകാലങ്ങളില്‍ ഇങ്ങനെ പാടാറുണ്ട് "നല്ല നല്ല കുട്ടികള്‍ വരി വരിയായ് നിര നിരയായ് പോകുന്നു....". ഈ പാവം ഉപനായകന്‍ ലാബില്‍ പഞ്ചാര അടിക്കാന്‍ ഒത്തിരി കഷ്ടപ്പെടാറുണ്ട്. അവനും ഞങ്ങളുടെ നിരയിലോട്ടു തന്നെ വരണം ഒന്ന് ആസ്വദിച്ച് ശ്രിംഗരിക്കാന്‍. പക്ഷെ ചില സമയങ്ങളില്‍ അടുത്തുള്ള തമിഴ് കുട്ടികളുമായി അഡ്ജസ്റ്റ് ചെയ്തോളും. എന്നാലും കൊതുകിനും ഉണ്ടല്ലോ കൃമി കടി. ഉപനായകന്റെ സന്തതസഹചാരി ആണ് കഥയിലെ നായകന്‍ ശങ്കരന്‍. പുഷ്പിക്കലിന്റെ ആശാനാണ് ലവന്‍. ഇവനാണ് പുഷ്പന്‍. എന്റെ നിരയുടെ തൊട്ടു പിന്നിലത്തെ നിരയില്‍ ഇരുന്നുകൊണ്ട് ഇവന്‍ എപ്പോഴും ഞാന്‍ പുഷ്പിക്കുന്നത് കണ്ടു നെടുവീര്‍പെടുന്നത് ഞാന്‍ കാണാറുണ്ട്. അവന്‍ എന്നെ നോക്കി ഇടയ്ക്കിടയ്ക്ക് പറയും..."എടാ ജിത്തുമോനെ..നടക്കട്ടെ നടക്കട്ടെ.. "...പക്ഷെ എല്ലാ പ്രതിബന്ധങ്ങളെയും തച്ചുടച്ചു കൊണ്ട് ഇവന്‍ എപ്പോഴും മുന്നേറും. അത് കൊണ്ടാണ് ഇവനെ പുഷ്പന്‍ എന്ന് വിളിക്കുന്നത്‌. ഈ പാവം ജിത്തുമോന് അതൊക്കെ ദയനീയമായി നോക്കി നില്‍ക്കാനേ സാധിക്കാറുള്ളൂ. ഒരിക്കല്‍ അഖിലാന്ടെശ്വരി ശങ്കരനെ നോക്കി പാടി..."ഓര്‍മ തന്‍ വാസന്ത നന്ദന തോപ്പില്‍ ഒരു പുഷ്പന്‍ മാത്രം ഒരു പുഷ്പന്‍ മാത്രം.....ശങ്കരന്‍..ശങ്കരന്‍...ലല ലല ലാ "

പുഷ്പന്‍ നമ്പര്‍ 1 ആകാന്‍ ശ്രമിച്ച് പരാജിതനായ ആള്‍ ആണ് ഹരിക്കുട്ടന്‍.. ആംഗലേയത്തില്‍ പറയുകയാണെങ്കില്‍ "ഔട്ട്‌ ഓഫ് ഫോക്കസ്" ഇല്‍ ശ്രമിച്ച് പരാജയപ്പെട്ടു എന്ന് പറയാം. മഞ്ജുനാഥനും ഒരു കൊച്ചു പഞ്ചാര വീരന്‍ ആണ്. അറിവിലാണ് അവന്റെ കരുത്ത്. അങ്ങനെയുള്ളവരെ ആരും കൈവിടാറില്ലല്ലോ..അബ്ദുള്ളകുട്ടി പിന്നെ ഇതിനൊന്നും ശ്രമിക്കാറില്ല. നേരെ വാ നേരെ പോ...ഇതാണ് അവന്റെ നയം. പിന്നെ കളത്തിനു പുറത്തുള്ള സുപ്രിയ , തിലോത്തമ , രാജൂട്ടന്‍ , അനസൂയ , അമ്മിണി , ഭവാനി തുടങ്ങിയവര്‍ ഇടക്കൊക്കെ ഇങ്ങോട്ടും ഒരു പാലം ഇടാന്‍ ശ്രമിക്കും. ചിലപ്പോള്‍ അങ്ങോട്ടും. എപ്പോഴും ഒരിടത്ത് തന്നെയിരുന്നാല്‍ ബോറടിക്കില്ലേ..

ആദ്യ ഖണ്ഡികയില്‍ ഞാന്‍ എഴുതിയ കാര്യം പിന്നീട് ഉള്ള ഖണ്ഡികകള്‍ വിശദീകരിച്ചു പറയുന്നില്ല എന്ന് വായനക്കാര്‍ക്ക്‌ സംശയം തോന്നിയേക്കാം. പെണ്‍കുട്ടികളുടെ ഭാഗത്ത്‌ നിന്ന് ഇങ്ങനെ ഒരു സത്യസന്ധമായ ബ്ലോഗ്‌ ഉണ്ടായാല്‍ അത് നിങ്ങള്ക്ക് ഭോദ്യമായേക്കാം. പഞ്ചാര എന്നതില്‍ ഉപരി അത് ഒരു സൗഹൃദമായി പിന്നീടു വളര്‍ന്നു. ആദ്യം പറഞ്ഞ പോലെ അതൊരു വസന്തകാലം ആയിരുന്നു. ഒത്തിരി മധുരം നിറഞ്ഞ എപ്പോഴും ഓര്‍ക്കാന്‍ ആഗ്രഹിക്കുന്ന കാലം..

Saturday, July 16, 2011

ഒരു ഫ്രൂട്ട് സലാഡ് ഉണ്ടാക്കിയ കഥ

ഇപ്പോള്‍ തിയേറ്ററില്‍ തകര്‍ത്തോടുന്ന 'ഒരു ദോശ ഉണ്ടാക്കിയ കഥ' പോലെ അല്ല ഈ കഥ. നര്‍മത്തിന്റെയും ചതിയുടെയും നൊമ്പരത്തിന്റെയും ഒത്തു ചേരലിന്റെയും ഒരു മിശ്രണമാണ് ഈ കഥ. അമൃതയില്‍ MCAക്ക് പഠിക്കുന്ന കാലം. രണ്ടാമത്തെ സെമെസ്റ്റര്‍. ഞങ്ങള്‍ 6 മലയാളി പയ്യന്‍മാര്‍ ആദ്യ സെമെസ്റ്ററില്‍ തന്നെ ക്ലാസ്സിലെ തരുണീമണികളുമായി ചങ്ങാത്തം സ്ഥാപിച്ചിരുന്നു. അതില്‍ 8 പേര്‍ അടങ്ങിയ ഒരു സംഘം ഉണ്ട്. അവരുമായിട്ടായിരുന്നു കൂടുതല്‍ ചങ്ങാത്തം. ആരുടെയെങ്കിലും ജന്മദിനം വന്നാല്‍ ഞങ്ങള്‍ ഏതെങ്കിലും ഒരു കാന്റീനില്‍ ഒരുമിച്ചു കൂടും. പിറന്നാള്‍ക്കാരന്‍ എല്ലാര്‍ക്കും ട്രീറ്റ്‌ തരും. ഞങ്ങള്‍ സമ്മാനം കൊടുക്കും. ഇത്തവണ 'കമലാക്ഷി' എന്നൊരു കുട്ടിയുടെ ആയിരുന്നു പിറന്നാള്‍. അതിന്റെ തലേ ദിവസം എന്ത് സമ്മാനം കൊടുക്കണം എന്ന് ആലോചിച്ചു ഒരു പിടിയും കിട്ടുന്നില്ല. കൂട്ടത്തില്‍ ഉള്ള ശങ്കരനും ഉണ്ണികൃഷ്ണനും പറഞ്ഞത് അവള്‍ക്കു ഇത്തിരി ഹുങ്ക് കൂടുതലാണ്. അതുകൊണ്ട് പറ്റിക്കാന്‍ എന്തെങ്കിലും ഗിഫ്റ്റ് കൊടുക്കാം എന്നാണ്. അന്ന് രാത്രി ഹോസ്റ്റല്‍ മെസ്സില്‍ ഞങ്ങള്‍ക്ക് സ്പെഷ്യല്‍ ആയി കിട്ടിയത് ഫ്രൂട്ട് സലാഡ് ആയിരുന്നു. ശങ്കരന്റെയും ഉണ്ണികൃഷ്ണന്റെയും ബുദ്ധി ഉദിച്ചത് അപ്പോഴാണ്. ഒരു ചെറിയ പാത്രത്തില്‍ ഫ്രൂട്ട് സലാഡ് അവര്‍ ഹോസ്റ്റലില്‍ കൊണ്ട് വന്നു. ഒരു ചകിരിയും അവര്‍ സങ്കടിപ്പിച്ചു. ഇവര്‍ക്ക് താങ്ങും തണലുമായി മഞ്ജുനാഥനും ഹരിക്കുട്ടനും അബ്ധുള്ളകുട്ടിയും ഉണ്ടായിരുന്നു. കൂടെ പാതി മനസ്സോടെ ഈ പാവം ജിത്തുമോനും. ;). ഉണ്ണികൃഷ്ണന്റെ മുറിയില്‍ ഫ്രൂട്ട് സലാഡ് ചകിരിയില്‍ ഒഴിച്ച് രാത്രി മുഴുവനും വെച്ചു. ...

നാറാന്‍ തുടങ്ങിയിട്ടും അവന്‍ എങ്ങനെ ഉറങ്ങിയോ ആവോ..നല്ല വണ്ടന്‍ ഉറുമ്പുകള്‍ അതില്‍ കേറി നിരങ്ങി.. അങ്ങനെ പിറന്നാള്‍ ദിവസം എല്ലാരും വിചാരിച്ച സമ്മാനം തയാര്‍ ആയി. എല്ലാര്‍ക്കും എന്തോ എങ്ങും ഇല്ലാത്ത ഒരു സന്തോഷം. എന്തോ മഹത്തായ ഒരു കാര്യം ചെയ്യാന്‍ പോകുന്ന പോലെ. അങ്ങനെ ആ സമ്മാനം ഞങ്ങള്‍ ഒരു വലിയ പെട്ടിയില്‍ പായ്ക്ക് ചെയ്തു. സാധാരണ ഞങ്ങള്‍ കൊടുക്കാറുള്ള ഗിഫ്റ്റ് പൊതിയെക്കാള്‍ വലുത്. ഞങ്ങള്‍ ഹോസ്റ്റലില്‍ നിന്നും ഇറങ്ങി. എല്ലാര്‍ക്കും വലിയ ആഹ്ലാദം. മഞ്ജുനാഥന്റെ ക്യാമറ ഫോണില്‍ പുറപ്പെടല്‍ ഞങ്ങള്‍ വീഡിയോ എടുത്തു. ഓരോരുത്തരും മാറി മാറി ഷൂട്ട്‌ ചെയ്തു. പോകുന്ന വഴിക്ക് കാണുന്നവരൊക്കെ വിചാരിച്ചിട്ടുണ്ടാകും എല്ലാത്തിനും കാര്യമായി എന്തോ പറ്റിയട്ടുണ്ട് എന്ന്. സമ്മാനപ്പൊതി പിടിക്കാന്‍ എല്ലാര്‍ക്കും മടി ആയിരുന്നു. എന്‍റെ ഓര്മ ശരി ആണെങ്കില്‍ ഹരികുട്ടന്‍ ആയിരുന്നു അത് കൂടുതല്‍ നേരം പിടിച്ചത്.

അങ്ങനെ കാന്റീന്‍ എത്തി. അവിടെ എല്ലാരും കാത്തു നില്‍പ്പുണ്ടായിരുന്നു. ഇനി ബാക്കി ഉള്ളവരുടെ പേര് കൂടെ പറയട്ടെ. എന്റെ ലാബ്‌ മേറ്റ്സ് ആണ് കല്യാണികുട്ടിയും കാര്‍ത്യായിനിയും. പിറന്നാള്‍ ആഘോഷിക്കുന്ന കമലാക്ഷി കാര്‍ത്യായിനിയുടെ തൊട്ടടുത്താണ് ലാബില്‍ ഇരിക്കുന്നത്. ഗോമതിയും രുഗ്മിണീദേവിയും ഒരേ നാട്ടുകാരാണ്. പിന്നെ എന്‍റെ ജില്ലക്കാരായ അലമേലു , ആനന്ദപ്രിയ , അഖിലന്ടെശ്വരി ഇങ്ങനെ മൂന്ന് പേര്‍ കൂടെ ഉണ്ട്. ഞങ്ങള്‍ കാന്റീനിലേക്ക് പ്രവേശിച്ചു. ഞങ്ങള്‍ കമലാക്ഷിയെ അഭിസംബോധന ചെയ്തു. പിന്നീടു സാധാരണ പോലെ കുശലം പറച്ചില്‍ ആരംഭിച്ചു. ഒന്നും അറിയാത്ത പോലെ. ഇതിനിടയില്‍ കമലാക്ഷി വന്നു ആര്‍ക്കൊക്കെ എന്തൊക്കെ കഴിക്കാന്‍ വേണം എന്ന് ചോദിച്ചിട്ട് ഓര്‍ഡര്‍ ചെയ്യാന്‍ പോയി. എന്റെ ഉള്ളില്‍ ഒരു നീറല്‍. ഇതൊക്കെ വേണമായിരുന്നോ ?

എല്ലാരും ദോശയാണ് കഴിച്ചത് എന്നാണ് എന്‍റെ ഓര്‍മ്മ. ശങ്കരനും ഉണ്ണികൃഷ്ണനും തീറ്റ പ്രിയന്മാര്‍ ആണ്. എന്ത് തിന്നാന്‍ കിട്ടിയാലും ചാടി പിടിച്ചു എടുത്തോളും. പിന്നെ രണ്ടും കൂടെ ഒരു അടികൂടല്‍. കമലാക്ഷിയുടെ പോക്കറ്റിലെ പൈസ മുടിപ്പിക്കണം എന്നാ വിചാരത്തോടെ അവര്‍ ഐസ്ക്രീം കൂടെ ഓര്‍ഡര്‍ ചെയ്യിപ്പിച്ചു. പാവം കമലാക്ഷി വല്ലതും അറിയുന്നുണ്ടോ.. എല്ലാം കഴിച്ചു കഴിഞ്ഞു ഞങ്ങള്‍ സമ്മാനം കൊടുത്തു. ഫോട്ടോക്ക് പോസ് ചെയ്യാന്‍ എന്തായിരുന്നു എല്ലാത്തിന്റെയും തിടുക്കം. ചരിത്രം ആകാന്‍ പോകുന്ന സംഭവം അല്ലേ ;) സമ്മാനം കൊടുക്കുമ്പോള്‍ ഞങ്ങള്‍ പറഞ്ഞിരുന്നു ഇവിടെ വെച്ചു തുറക്കരുത് എന്ന്. അപ്പോള്‍ അതും നാറും എല്ലാരും നാറും എന്ന് ഞങ്ങള്‍ക്ക് അറിയാമല്ലോ. എല്ലാം കഴിഞ്ഞ് ഉള്ളില്‍ ഒരു കൊച്ചു ചിരിയോടെ ഞങ്ങള്‍ അവിടെ നിന്നും തിരിച്ചു.

തിരിച്ച് ഹോസ്റ്റലില്‍ വന്നപ്പോള്‍ പല കണക്കു കൂട്ടലുകള്‍ ആയിരുന്നു. അവര്‍ അത് എപ്പോള്‍ തുറക്കും. തുറന്നാല്‍ എന്ത് സംഭവിക്കും എന്നൊക്കെ. കുറച്ചു കഴിഞ്ഞു ഞങ്ങളില്‍ ഉണ്ണികൃഷ്ണന്‍ കമലാക്ഷിയെ ഫോണ്‍ ചെയ്തു. ആദ്യം എടുത്തില്ല എന്നാണ് എന്റെ ഓര്‍മ. പിന്നെ കുറച്ചു കഴിഞ്ഞു എടുത്തു. രുഗ്മിണീദേവി ഞങ്ങളെ ഫയര്‍ ചെയ്തു. പിന്നെ ഓരോരുത്തര്‍ മാറി മാറി ഞങ്ങളെ ഫോണില്‍ ആക്രമിച്ചു. കമലാക്ഷിക്ക് കാര്യമായി ഒന്നും പറയാന്‍ ഉണ്ടായിരുന്നില്ല . ആ ഒരു അവസ്ഥയില്‍ അവള്‍ പിന്നെ എന്താ ചെയ്യുക.. ഇനി ഞങ്ങളുമായി ചങ്ങാത്തം ഇല്ല എന്ന് പറഞ്ഞു നിര്‍ത്തി.

പിറ്റേ ദിവസം ഞങ്ങള്‍ ക്ലാസ്സില്‍ എത്തി. മാപ്പ് പറയാനായി അവര്‍ വരുന്നത് കാത്തിരുന്നു. അവരില്‍ ചിലര്‍ വന്നു. ആരും ഞങ്ങളുടെ മുഖത്തോട്ട് നോക്കുന്നില്ല. പിന്നെ എങ്ങനെ സംസാരിക്കും. മുഖത്തോട്ടു നോക്കാതിരിക്കാന്‍ ശ്രമിച്ചിട്ടും അഖിലന്ടെശ്വരി സാധാരണ പോലെ ഒരു വളിച്ച ചിരിയുമായി കടന്നു പോയി. അലമേലുവിന്റെ മുഖം കടന്നല്ല് കുത്തിയ പോലെ ആയിരുന്നു. കാര്‍ത്യായിനി ഇങ്ങനെയാണ് പറഞ്ഞത് എന്ന് ഞാന്‍ ഊഹിക്കുന്നു "നിങ്ങള്‍ കാണിച്ചത്‌ ഒട്ടും ശരിയായില്ല". എന്‍റെ ഉള്ളില്‍ വീണ്ടും ഒരു നീറല്‍. അന്ന് ഉച്ചക്ക് ലാബ്‌ ഉണ്ടായിരുന്നു. അവരോടു ആരോടും എന്ത് സംസാരിക്കണം എന്ന് എനിക്കറിയില്ലായിരുന്നു. ഞാന്‍ ഒന്നും പറഞ്ഞില്ല. അവരും.

സംഭവം 1 -2 ദിവസങ്ങള്‍ കൊണ്ട് തന്നെ പരിഹരിച്ചു. എല്ലാരും ഒരുമിച്ചു ചെന്ന് അവരോടു സംസാരിച്ചു. അവരും തിരിച്ചു സംസാരിച്ചു. കമലാക്ഷിക്കും കൂട്ടര്‍ക്കും ഞങ്ങള്‍ എല്ലാരും ചേര്‍ന്ന് ട്രീറ്റ്‌ തരാം എന്ന് ഞങ്ങള്‍ സമ്മതിച്ചു. അന്ന് എല്ലാരും ഒത്തു ചേര്‍ന്ന് ഒരു പാട് സംസാരിച്ചു. കമലാക്ഷിക്ക് നല്ല ഒരു സമ്മാനം അമൃതയിലെ കടയില്‍ നിന്നും വാങ്ങി കൊടുത്തു. എല്ലാം ശുഭപര്യവസാനം. അതിനു ശേഷം എത്രയെത്ര പിറന്നാളുകള്‍ , എത്രയെത്ര ട്രീട്കള്‍ . ഒത്തിരി സന്തോഷത്തിന്റെയും സങ്കടങ്ങളുടെയും നാളുകള്‍ 3 വര്ഷം ഞങ്ങള്‍ക്ക് സമ്മാനിച്ചു. എല്ലാം ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ഒരു വിരഹം അനുഭവപ്പെടുന്നു. ഓരോ പിറന്നാളുകള്‍ വരും തോറും കമലാക്ഷി ഫ്രൂട്ട് സലാടിന്റെ കാര്യം ഓര്‍ത്തു ഒന്ന് ഭീതിപെടുന്നുണ്ടായിരിക്കും. ഈ കഥ ഉണ്ടാക്കിയ ഞങ്ങള്‍ക്കോ ഒരു ചെറിയ പുഞ്ചിരിയും

Monday, July 11, 2011

മലയാളത്തെ മറക്കല്ലേ ?

ഞാന്‍ പത്താം ക്ലാസ്സ്‌ വരെയേ മലയാളം പഠിച്ചിട്ടുള്ളൂ. നമ്മള്‍ സംസാരിക്കുന്നതു മലയാളത്തില്‍ ആണെങ്കിലും (ഇപ്പോള്‍ ഇംഗ്ലീഷിലും ) അതിലെ സാഹിത്യം മറക്കരുത്. അത് എഴുതിയാല്‍ തന്നെയേ ഒരു സുഖമുള്ളൂ.. ഏറ്റവും ദുഷ്കരമായ ഭാഷയാണ് മലയാളം എന്നാണ് പലരും പറയുന്നത് . അങ്ങനെയാണോ ? അത് കൊണ്ടാണോ മലയാളത്തിനു ക്ലാസിക്കല്‍ പദവി കിട്ടാത്തത്. എല്ലാത്തിനും വ്യതസ്തമായ അക്ഷരങ്ങള്‍ ഉള്ള വേറെ ഒരു ഭാഷയും ഇന്ത്യയില്‍ ഉണ്ടാകില്ല എന്ന് എനിക്ക് തോന്നുന്നു. 'ഴ' എന്നാ അക്ഷരം വേറെ ഏതെങ്കിലും ഭാഷയില്‍ ഉണ്ടോ ? ഉണ്ടെകില്‍ തന്നെ അത് ശരിക്കും ഉച്ചരിക്കാന്‍ അവര്‍ക്ക് കഴിയുമോ ? 'ഴ' എന്നെഴുതി 'ള' എന്നും 'ച' എന്നെഴുതി 'സ' എന്നും വായിക്കുന്നവരുടെ ഇടയില്‍ ആണ് ഞാന്‍ ഇപ്പോള്‍.. ഈ സംശയം അവരോടു ചോദിച്ചപ്പോള്‍ അവര്‍ക്കും അറിയില്ല. ഇനി ഞാന്‍ ഏതെങ്കിലും ഭാഷ പണ്ടിതന്മാരോട് ചോദിക്കണോ ? അവസാനം തല്ലു കിട്ടുമോ ? 'ഴ' എന്ന ഒരൊറ്റ അക്ഷരം ഉള്ള കാരണം എങ്കിലും മലയാളികള്‍ നാക്ക്‌ വടിക്കും എന്ന ഒരൊറ്റ കാര്യത്തില്‍ സംശയം വേണ്ട ;) എല്ലാത്തിനും വ്യത്യസ്തമായ അക്ഷരങ്ങള്‍ ഉള്ളത് വായിക്കാന്‍ നമ്മളെ കുഴപ്പിക്കില്ല എന്ന കാര്യത്തില്‍ നമുക്ക് അഭിമാനം കൊള്ളാം. ക്ലാസിക്കല്‍ പദവിയും സമ്മേളനങ്ങളും ഒന്നും ഇല്ലെങ്കിലും ഇത്രയും മഹത്തായ ഒരു ഭാഷ നമുക്ക് സമ്മാനിച്ച എഴുത്തച്ചന് നന്ദി പറയാം. അതില്‍ കുറെ കാര്യങ്ങള്‍ ദത്തെടുക്കാന്‍ മലയാളത്തെ സഹായിച്ച തമിഴിനും സംസ്കൃതത്തിനും നന്ദി.

നിങ്ങളും ഒരു ബ്ലോഗ്‌ തുടങ്ങു..മുഴുവനും മലയാളത്തില്‍ വേണം എന്നില്ല. ഇംഗ്ലീഷും ആകാം. ഫേസ് ബുകിലും മറ്റും കമന്റ്സ് പോസ്റ്റ്‌ ചെയ്യുമ്പോള്‍ മലയാളികള്‍ മാത്രം മനസിലാക്കേണ്ടത് മലയാളത്തില്‍ തന്നെ പോസ്റ്റ്‌ ചെയ്തു കൂടെ? എല്ലാ ഭാഷക്കും അതിന്‍റെതായ മഹത്വം ഉണ്ട്. പക്ഷെ ഒരിക്കലും മാതൃഭാഷയെ മറക്കരുത്

സീനിയേര്‍സ്...

സീനിയേര്‍സ് എന്ന് പറയുമ്പോള്‍ ഇപ്പോള്‍ നിങ്ങള്ക്ക് സീനിയേര്‍സ് എന്നാ സിനിമ ഓര്മ വന്നേക്കാം... പക്ഷെ അത്തരമൊരു തമാശ നിറഞ്ഞ അനുഭവം ആയിരിക്കില്ല ആര്‍ക്കും സീനിയെര്സിനെ കുറിച്ച്. ആദ്യ ദിവസങ്ങളില്‍ ഇവര്‍ ഞങ്ങളെ മൈന്‍ഡ് പോലും ചെയ്യാത്ത കണ്ടപ്പോള്‍ ഞങ്ങള്‍ വിചാരിച്ചു ഇവിടെ സാധാരണ കോളേജ്കളിലെ പോലെ ആ പ്രശ്നം ഇവിടെ ഇല്ല എന്ന്. അങ്ങനെ സന്തോഷിച്ചു 2 -3 ദിവസങ്ങള്‍ കടന്നു പോയി. അത് കഴിഞ്ഞപ്പോള്‍ അല്ലെ എല്ലാത്തിന്റെം തനി ഗുണം കാണാന്‍ തുടങ്ങിയത്. പക്ഷെ ഒരു പരിധി വിട്ടു ഒന്നും ആരും പോയില്ല എന്നുള്ളത് ഒരു ആശ്വസിക്കാവുന്ന വസ്തുത ആണ്. ആ ഒരു പാരമ്പര്യം ഞങ്ങള്‍ സീനിയേര്‍സ് ആയപ്പോളും കാത്തു സൂക്ഷിച്ചു. ഓരോ കൊല്ലം കഴിയും തോറും അതിലെ കാഠിന്യം കുറഞ്ഞു വരുന്നതായാണ് കാണപ്പെടുന്നത്. ഉയര്‍ന്ന തലത്തിലേക്ക് പരധി കൊടുക്കുന്നവരുടെ എണ്ണം കൂടി വരുന്ന കൊണ്ടാകാം അത്. freshers ഡേ വരെ മാത്രം ഉള്ള ഒരു ചെറിയ നോവിക്കല്‍. എല്ലാവരെയും ഒന്ന് മനസിലാക്കാന്‍ മാത്രം. അത് കഴിഞ്ഞാല്‍ MCA കുടുംബത്തില്‍ ഞങ്ങള്‍ എല്ലാരും ഒറ്റകെട്ടാണ്. അവര്‍ ഞങ്ങള്‍ക്ക് ഒരു നല്ല വരവേല്‍പ്പ് തന്നത് പോലെ ഊഷ്മളമായ ഒരു യാത്രയയപ്പ് അവര്‍ക്ക് കൊടുക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ആരുടെയും പേര് ഇവിടെ പരാമര്‍ശിക്കുന്നില്ല. എല്ലാവരും ഒന്നിനൊന്നു മെച്ചം. നിങ്ങള്‍ തന്ന സ്നേഹവും സന്തോഷം നിറഞ്ഞ നാളുകളും ഇപ്പോഴും ഓര്‍ക്കുന്നു.