Friday, August 5, 2011

മുല്ലപ്പെരിയാര്‍ അണക്കെട്ടീന്നു നീ വെള്ളം മോഷ്ടിക്കും..അല്ലേടാ? (ഒരു ഏറ്റുമുട്ടലിന്റെ കഥ)

ഇന്ന് മുല്ലപ്പെരിയാര്‍ ഒരു വലിയ പ്രശ്നം ആയിക്കൊണ്ടിരിക്കുകയാണ്. പണ്ടുകാലത്ത് ഏതോ പാട്ട കരാര്‍ ഉണ്ടായിരുന്നു എന്ന് വെച്ച് പൊട്ടാറായി നില്‍ക്കുന്ന അണക്കെട്ടീന്നു തമിഴ്നാടിനു ഇപ്പോഴും വെള്ളം വേണം. പുതിയത് നിര്‍മ്മിക്കാനും പാടില്ല. എന്തിനാണ് ഈ പിടിവാശി എന്ന് ഒട്ടും മനസിലാകുന്നില്ല. മറ്റു സംസ്ഥാനങ്ങളെ ജലത്തിനെ ആശ്രയിക്കുന്ന ഇവര്‍ക്ക് ആ സംസ്ഥാനത്തെ ജനങ്ങളുടെ ജീവന് വില കല്‍പ്പിക്കാന്‍ കൂടി കഴിയേണ്ടേ ? എന്റെ പ്രതിഷേധം തമിഴ് ജനതയോടല്ല. തമിഴ്നാട് സര്‍ക്കാറിനോടാണ്.. സൗജന്യമായി വെള്ളം കൊണ്ട് പോകുന്നുവെങ്കില്‍ ഞങ്ങള്‍ക്ക് സൗജന്യമായി അരിയും പച്ചക്കറിയും വേണം.. തരാന്‍ പറ്റുമോ തമിഴ്നാട്‌ സര്‍ക്കാരിന് ? അണക്കെട്ട് നിര്‍മ്മിക്കാന്‍ കൂടുതല്‍ സമ്മര്‍ദം കേരളത്തിന്റെ ഭാഗത്ത്‌ നിന്നുണ്ടായാല്‍ റോഡ്‌ ഉപരോധങ്ങളും സമരവും. നാണമില്ലാത്ത സര്‍ക്കാരും അവരുടെ താളത്തിനൊത്ത് തുള്ളുന്ന ബോധമില്ലാത്ത പാര്‍ട്ടി പ്രവര്‍ത്തകരും...ഇത്രയും പ്രതിഷേധ വിവരണം കണ്ടപ്പോള്‍ ഞാന്‍ കൂടുതല്‍ രാഷ്ട്രീയ ചിന്തകളിലേക്ക് പോയി എന്ന് എന്റെ വായനക്കാര്‍ ധരിച്ച് കാണും. തെറ്റായ ആ ധാരണ തിരുത്തി കൊണ്ട് ഞാന്‍ വിഷയത്തിലേക്ക് വരുന്നു. ഇത് മലയാളി തമിഴ് ഏറ്റുമുട്ടലിന്റെ കഥയാണ്. വേറെ എവിടെയും അല്ല. എന്റെ ബിരുദാനന്തര ബിരുദ പഠന ക്ലാസ്സില്‍ തന്നെ..

ഈ കഥയിലെ പ്രധാന സ്ത്രീ കഥാപാത്രമാണ് സുപ്രിയ എന്ന മെലിഞ്ഞ സുന്ദരി. ഇവളുടെ പല്ലുകളും കണ്ണുകളും അതിമനോഹരമാണ്. ആരും ഒന്ന് നോക്കി നിന്നുപോകും.. ഇവളുടെ സുപ്രധാന ഡയലോഗ് ആണ് മുല്ലപ്പെരിയാര്‍ സംഭവത്തിന്റെ വഴിത്തിരിവ്. അത് ഇങ്ങനെയാണ്. "ഐ ഹെയ്റ്റ് ദീസ് ബോയ്സ്". ഇത് കേട്ടതോടെ ക്ലാസ്സിലെ എല്ലാരും നിശബ്ദരാകുന്നു. ഉടനെ തന്നെ പെണ്‍കുട്ടികളില്‍ ആരോ എണീറ്റ്‌ നിന്ന അവളെ പിടിച്ചിരുത്തുന്നു. ആകെ ഒരു കലഹാന്തരീക്ഷം. എല്ലാരും ഇറങ്ങി പോകുന്നു. ട്വന്റി 20 യുടെ പ്രധാന പോസ്റ്ററില്‍ ഉള്ള പോലെ ഞങ്ങള്‍ 6 പേര്‍ നിരയായി പുറത്തേക്കു വരുന്നു.. വഴിയില്‍ വെച്ച് വീണ്ടും ശത്രുക്കളെ കാണുന്നു. ചിലരുടെ മുഖത്ത് കടന്നല്‍ കുത്തിയ ഭാവം. റോസ് പൌഡര്‍ ഇട്ടിട്ടുണ്ടോ ആവൊ.. എന്താണ് സംഭവിച്ചത് ? ഇവിടെ നിന്ന് ഞാന്‍ വീണ്ടും പിന്നോട്ട് പോകുന്നു.


നാലാം സെമെസ്റ്റെറിന്റെ ആരംഭം. ശങ്കരനാണ് ക്ലാസ്സിലെ ആണ്‍ തലവന്മാരില്‍ ഒന്ന്. മുഖര്‍ജി വേറൊരു തലവന്‍. കാലാകാലങ്ങളായി വന്ന കീഴ്വഴക്കം അനുസരിച്ച് തമിഴ് ഭാഗത്ത്‌ നിന്ന് ഒരാളും മലയാളി ഭാഗത്ത്‌ നിന്ന് ഒരാളുമാണ് ക്ലാസ്സ്‌ തലവന്മാര്‍ ആകുക( ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും). ശങ്കരന്‍ മലയാളി ആണ്. പക്ഷെ ജനിച്ചതും വളര്‍ന്നതും തമിഴ്നാട്ടില്‍. പക്ഷെ അവന്‍ മലയാളി ഭാഗത്ത്‌ നിന്നുള്ള തലവന്‍ ആയി. എന്താണേലും അവന്‍ രണ്ടു കൂട്ടരോടും നന്നായി സംസാരിക്കും. മുഖര്‍ജി ശരിക്കും ഒരു ഉത്തരേന്ത്യക്കരനാണ്. പക്ഷെ വളര്‍ന്നത്‌ തമിഴ്നാട്ടിലും.iതമിഴ് ഭാഗത്ത്‌ നിന്ന് ഇവന്‍ തലവനായി. ഇവന്‍ അങ്ങനെ മറ്റുള്ളവരെ വകതിരിച്ചു കാണാത്ത ഒരു നിഷ്കളങ്ക മനോഭാവം ഉള്ളവനാണ്. ഒരു ഞായറാഴ്ച ആണെന്ന് തോന്നുന്നു അത് സംഭവിച്ചത്. ഒരു സായാഹ്നത്തില്‍ ഞങ്ങള്‍ അറിയുന്നു. "അതവര്‍ ഞങ്ങളെ അറിയിച്ചില്ല" എന്ത് ? "കലാലയത്തിലെ പൂര്‍വ വിദ്യാര്‍ഥി സംഗമത്തിന് ഞങ്ങളുടെ ക്ലാസ്സില്‍ നിന്ന് വളന്റിയെര്സിനെ ആവശ്യപ്പെട്ടിരിക്കുന്നു. ചെല്ലുന്നവര്‍ക്ക് ബാംഗ്ലൂര്‍ യാത്രയും (അവിടേം കസേര ചുമക്കാന്‍ ) പിന്നെ ഒരു ടി ഷര്‍ട്ടും (ഇതൊന്നും ഞങ്ങള്‍ കാണാത്തത് അല്ലല്ലോ) . ക്ലാസ്സിലെ അരുണാചലത്തോട് HOD ഇത് പറഞ്ഞു എന്നാണ് ഞങ്ങള്‍ അറിഞ്ഞത്. കാര്യം മുഴുവന്‍ ഉച്ചക്ക് തന്നെ നടന്നു. തമിഴ് ആണ്‍കുട്ടികള്‍ അവരുടെ ഭാഗത്ത്‌ നിന്ന് തന്നെ കുറച്ചു പേരെ തിരഞ്ഞെടുത്തു. പെണ്‍കുട്ടികള്‍ കുറെ പേര്‍ തയ്യാറായി വന്നപ്പോള്‍ (മലയാളികളടക്കം) അവര്‍ തന്നെ ലോട്ട് ഇട്ടു ആളെ തിരഞ്ഞെടുത്തു. ഇതെല്ലാം ഞങ്ങള്‍ അറിഞ്ഞില്ല. വൈകുന്നേരം ആന്ധ്രക്കാരനായ വീരകാരു വന്നു കാര്യം പറഞ്ഞപ്പോഴാണ് ഞങ്ങള്‍ അറിയുന്നത്.


ഇത് കേട്ട ഞങ്ങള്‍ മലയാളികള്‍ കുപിതരായി. ഇതൊന്നു ചോദിച്ചട്ട് തന്നെ കാര്യം. ഇതറിഞ്ഞ അരുണാചലത്തിനും തലവന്‍ മുഖര്‍ജിക്കും ഞങ്ങളെ അറിയിച്ചു കൂടെ ? ഞങ്ങള്‍ എന്താ ഇതൊന്നും അറിയാന്‍ പാടില്ലേ ? പല നാളുകളായി പൊട്ടിതകരാന്‍ സാധ്യത ഉള്ള മുല്ലപെരിയാര്‍ അണക്കെട്ട് നാളെ പൊട്ടും എന്ന് എനിക്ക് ഉറപ്പായി. ശങ്കരന്‍ അധികം ഒന്നും സംസാരിച്ചില്ല. അബ്ദുല്ലകുട്ടിക്കു വല്ലാത്ത ചൊറിച്ചില്‍. അവന്റെ ചൊറിച്ചില്‍ കണ്ടാല്‍ അവന്‍ ഇപ്പൊ പോയി കസേര ചുമക്കും എന്ന് തോന്നും. ഉണ്ണികൃഷ്ണന് നല്ല പ്രതിഷേധം. അവനും ശങ്കരനും ഇത് ചോദിച്ചേ മതിയാകൂ എന്നായി. മഞ്ജുനാഥന്‍ കോപം കൊണ്ട് വിറളി പൂണ്ടു നില്‍ക്കുന്നു. എന്റെ ഉള്ളിന്റെ ഉള്ളില്‍ ഒരു മിന്നല്‍. "ഈ തമിഴന്മാര്‍ക്കെന്താ കൊമ്പുണ്ടോ ? അതോ ഞങ്ങള്‍ക്കും അതുണ്ടോ ? "


അവസാനം മഞ്ജുനാഥനും ശങ്കരനും ഇത് അവരോടു ചെന്ന് ചോദിക്കാം എന്ന് തീരുമാനിച്ചു. കലാലയത്തിന്റെ പ്രധാന കവാടത്തിലാണ് കസേര ചുമന്നിരുന്ന അവര്‍ക്ക് വൈകീട്ട് ജോലി. സംഗമത്തിന് വരുന്നവരുടെ പേരെഴുതുന്നു. മഞ്ജുനാഥനും ശങ്കരനും അവിടെയെത്തി. മുഖര്‍ജിയോടു കാര്യം ചോദിച്ചു. അവനു ഒന്നും പറയാനില്ല. അവന്‍ എന്ത് പറയാന്‍. തെറ്റ് പറ്റി പോയില്ലേ ? പിന്നെ ആരാണ് ഇതിനു പിന്നില്‍ ചരട് വലിച്ചത്. 2 പേര്‍ക്കും ആളെ മനസിലായി. നമുക്ക് നാളെ ക്ലാസ്സില്‍ വെച്ച് കാണാം എന്ന് പറഞ്ഞു സ്ഥലം വിട്ടു. തീപ്പൊരി അവിടെ ആളി. നാളെ അത് കത്തും.. പിന്നെ പൊട്ടിത്തെറിക്കും..


തിങ്കളാഴ്ച നേരം പുലര്‍ന്നു. സാധാരണ പോലെ എല്ലാരും കുളിച്ചു ഭക്ഷണം കാഴ്ചിച്ചു ക്ലാസ്സിലേക്ക്. എന്റെ മനസ്സില്‍ കോപവും ദു:ഖവും നിറഞ്ഞു നില്‍ക്കുന്നു. എന്താണ് ഇന്നിവിടെ നടക്കാന്‍ പോകുന്നത്. ആദ്യത്തെ പീരീഡ്‌ കഴിഞ്ഞപ്പോള്‍ തലൈവര്‍ മുഖര്‍ജി ക്ലാസ്സിനെ അഭിമുഖീകരിച്ചുകൊണ്ട് ഞാന്‍ രാജി സമര്‍പ്പിക്കുന്നു എന്ന് അറിയിച്ചു . കേട്ട് നിന്ന എല്ലാ തരുണീമണികളും സ്തബ്ധരായി. എന്ത് ഞങ്ങളുടെ പ്രിയങ്കരന്‍ മുഖര്‍ജിയണ്ണന്‍ എന്തിനു രാജി വെക്കണം. അതും അധികാരത്തില്‍ ഏറിയ സമയത്ത് തന്നെ. പെട്ടന്ന് തന്നെ ശങ്കരനും വന്ന് കൊണ്ട് നീ രാജി വെച്ചാല്‍ ഞാനും രാജി വെക്കുമെന്ന് ഭീഷണി മുഴക്കി. ചില പൂതനമാര്‍ക്ക് സന്തോഷമായി എന്ന് തോന്നുന്നു. പക്ഷെ മുഖര്‍ജി ചേട്ടന്‍ പോകാന്‍ പാടില്ലല്ലോ... ശങ്കരന്‍ ഉടനെ തന്നെ നമുക്ക് ഇതിനെ കുറിച്ച് ക്ലാസ്സ്‌ കഴിഞ്ഞതിനു ശേഷം സംസാരിക്കാം എന്ന് പറഞ്ഞു പിരിഞ്ഞു.


അങ്ങനെ സമയം സമാഗതമായി. നാലു മണി. ക്ലാസ്സ്‌ കഴിഞ്ഞു. എല്ലാരും പുറത്തേക്കു പോകാന്‍ ഒരുങ്ങുന്നു. പെട്ടന്ന് ശങ്കരന്‍ മുന്നിലോട്ടു വന്ന് നിന്ന് കൊണ്ട് എനിക്ക് എല്ലാരോടും സംസാരിക്കാന്‍ ഉണ്ടെന്നു പറയുന്നു. മുഖര്‍ജിയെയും വിളിക്കുന്നു. പെട്ടന്ന് സ്ഥലം വിടാന്‍ ഒരുങ്ങി നിന്ന എല്ലാരും കലപില കൂട്ടുന്നു. ശങ്കരന്‍ കാര്യങ്ങള്‍ വിവരിക്കുന്നു. മുഖര്‍ജി താഴത്തോട്ടു നോക്കി നില്‍ക്കുന്നു. അവസാനം ശങ്കരന്‍ പറയുന്നു. "എന്ത് കൊണ്ട് ഞങ്ങള്‍ 6 പേരെ അറിയിച്ചില്ല ? " മുഖര്‍ജിക്ക് അപ്പോഴും ഒന്നും പറയാനില്ല. പെട്ടന്ന് വില്ലന്‍ അങ്ങോട്ട്‌ ചാടി വീഴുന്നു.. ആരാണത്..വേറാരും അല്ല. നമ്മുടെ അരുണാചലം!! ശങ്കരന്‍ പറയുന്നു.. "നിന്നോട് ഒന്നും എനിക്ക് പറയാനില്ല. എനിക്ക് മറുപടി കിട്ടേണ്ടത് മുഖര്‍ജിയില്‍ നിന്നുമാണ്. എന്റെ ആത്മഗതം "എന്തിനാടാ വിളിക്കാത്ത സദ്യക്ക് വന്നിരിക്കുന്നത്. വെറുതെ അടി വാങ്ങാന്‍.... പോലിസുകാര്‍ക്കെന്താ ഈ വീട്ടില്‍ കാര്യം". അരുണാചലം പറഞ്ഞു തുടങ്ങുന്നു. ശങ്കരന്‍ അവനെ പറയാന്‍ സമ്മതിക്കുന്നില്ല. അവന്‍ ആംഗലേയത്തിലും മലയാളത്തിലും അവനോടു പോകു എന്ന് പറയുന്നു. മണി മണിയായ്‌ തമിഴ് പറയുന്ന ശങ്കരന് അപ്പോള്‍ തമിഴും വരുന്നില്ല. അരുണാചലം പറയുന്നു. " എന്നോടാണ് HOD ഇതെല്ലാം പറഞ്ഞത്. അപ്പോള്‍ ഇതിനു ഉത്തരം പറയേണ്ട ചുമതല എനിക്കാണ്. മുഖര്‍ജിക്ക് ഒന്നും അറിയില്ല. അവന്റെ രാജിക്ക് ഇതുമായി യാതൊരു ബന്ധവുമില്ല. " ശങ്കരന്‍ എതിര്‍ക്കുന്നു. നിന്റെ മറുപടി എനിക്ക് വേണ്ട. കേട്ട് നിന്ന തമിഴ് പെണ്‍കുട്ടി തരുണ പറയുന്നു "അവനെ പറയാന്‍ അനുവദിക്കു. അവനും ക്ലാസ്സിലെ ഒരു അംഗം അല്ലെ ? " എന്റെ ആത്മഗതം "ഇവളാരാ ലോകസഭ സ്പീക്കര്‍ ആണോ ? വേറെ പണിയില്ലേ പെണ്ണുംപിള്ളക്ക്"


ഒന്നും മുഴുവന്‍ പറയാന്‍ പറ്റാതിരുന്ന അരുണാചലം (സത്യത്തില്‍ അവനു ഒന്നും പറയാന്‍ ഇല്ല.. ഉരുണ്ടുകളിക്കാ എന്ന് പറയില്ലേ ? അത് തന്നെ സംഭവം ) ആക്രോശിക്കുന്നു... ക്ലാസ്സ്‌ കിടുങ്ങുന്നു. തമിഴില്‍ മുടിഞ്ഞ ഡയലോഗുകള്‍. "എന്ടാ.. എന്നെ പേസ വിടലയാ..." അവന്‍ കയ്യോങ്ങുന്നു. തമിഴ്മക്കള്‍ ഓടിച്ചെന്നു അവനെ തടയുന്നു. ഉടനെ തന്നെ ശങ്കരനും കയ്യോങ്ങുന്നു. മഞ്ജുനാഥനും ഹരിക്കുട്ടനും ഉണ്ണിയും ചെന്ന് അവനെ തടയുന്നു. വീണ്ടും അങ്ങോട്ടും ഇങ്ങോട്ടും വാക്കേറ്റം. മഞ്ജുനാഥന്‍ സമാധാനത്തിന്റെ ഭാഷയില്‍ എന്തോ പറയുന്നു. ഒന്നും വിലപ്പോകുന്നില്ല. പെട്ടന്നാണ് ഇതെല്ലാം കണ്ടു മനം നൊന്ത നമ്മുടെ നായിക സട കുടഞ്ഞു എഴുനെല്‍ക്കുന്നത്. അവള്‍ പറയുന്നു "ഐ ഹെയ്റ്റ് ദീസ് ബോയ്സ്". ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിന്നിരുന്ന ക്ലാസ്സിലെ എല്ലാരും അത് കേട്ടതോടെ അസ്വസ്ഥരാകുന്നു. എല്ലാവരും കലപില കൂട്ടാന്‍ തുടങ്ങുന്നു. ഒരു പറ്റം പെണ്‍കുട്ടികള്‍ പുറത്തേക്കു പോകുന്നു. തമിഴ് മക്കള്‍ എല്ലാരും കൂടെ അരുണാചലത്തെ പിടിച്ചു സ്ഥലം വിടുന്നു. മുല്ലപ്പെരിയാര്‍ പാതി പൊട്ടിയ സന്തോഷത്തില്‍ ഞങ്ങളും പുറത്തേക്കു....
സേതു രാമയ്യരുടെ പിന്നണി സംഗീതം ഒന്ന് ഈ നിമിഷത്തിനു സംകല്‍പ്പിച്ചു നോക്കു. അതിമനോഹരം അല്ലെ ?

ഇത് കുറെ നാളായി നടക്കാനിരുന്ന സംഭവം ആണ്. നടക്കേണ്ടത്‌ നടന്നെ പറ്റൂ. മലയാളികളും തമിഴന്മാരും കലാലയങ്ങളിലും ചില പ്രത്യേക പ്രദേശങ്ങളിലും ഒരിക്കലും ഒരുമിച്ചു സൗഹൃദത്തോടെ വാഴിലെന്നു തോന്നുന്നു. പാരമ്പര്യമായി ഞങ്ങളുടെ സീനിയേര്‍സില്‍ നിന്നും ഞങ്ങള്‍ക്ക് കിട്ടിയിരിക്കുന്ന സ്വഭാവസവിശേഷത ആണിത്. അപകര്‍ഷതാബോധവും സാമ്പത്തികമാന്ദ്യവും അനാവശ്യമായ എതിര്‍പക്ഷ ചിന്തകളും ആണോ ഇതിനു കാരണം ? വേറെ ഒരു തരത്തില്‍ ചിന്തിച്ചാല്‍ വ്യത്യസ്ത തരത്തിലുള്ള സാംസ്കാരികതയില്‍ ഉള്ളവര്‍ക്ക് ഒരിക്കലും മറ്റുള്ളവരുടെ ചില ചെയ്തികളെ ഒരിക്കലും ഉള്‍ക്കൊള്ളാന്‍ ആകില്ല. ഇത്തരം പ്രശ്നങ്ങള്‍ മലയാളികളുടെ മാത്രം ഇടയില്‍ നമുക്ക് കാണാന്‍ സാധിക്കാരില്ലേ? അത് പോലെ തന്നെയാണ് ഇതും സംഭവിച്ചത്. മാതൃഭാഷയിലെ വ്യത്യാസം സൗഹൃദത്തിനു വിലങ്ങുതടിയായാല്‍ അത് ഇത്തരം കൊച്ചു പ്രശ്നങ്ങളിലേക്ക് എത്തിച്ചേരുന്നത് സര്‍വസാധാരണമാണ്.


സംഭവത്തിന്‌ ശേഷം കുറച്ചു ദിവസങ്ങളില്‍ ഞങ്ങളുടെ ഇടയില്‍ അതികം സംസാരം നടന്നില്ല. പരസ്പരം കണ്ടാല്‍ അറിയാത്ത പോലെയുള്ള നടപ്പ്. കണ്ടാല്‍ മുഖത്തോട്ട് നോക്കില്ല. ശങ്കരനും മുഖര്‍ജിയും നേരിട്ട് സംസാരിച്ച് രണ്ടു മാസത്തേക്ക് രണ്ടു പേരും തലൈവര്‍ സ്ഥാനം തുടരാമെന്നുള്ള ഒത്തുതീര്‍പ്പില്‍ എത്തി...അടുത്ത ദിവസം കഥാനായിക സുപ്രിയ ക്ലാസ്സിനെ അഭിമുഖീകരിച്ചു കൊണ്ട് ആണ്കുട്ടികളോട് മാപ്പ് പറഞ്ഞു. ചിലര്‍ കൂക്കി വിളിച്ചു. എന്റെ ആത്മഗതം "ഇവള്‍ക്ക് എന്തിന്റെ കൃമികടി ആയിരുന്നു ? ഇതിലൊക്കെ കേറി ഇടപെടേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ ? " പക്ഷെ ഒരു കാര്യത്തില്‍ ഇവളോട്‌ നന്ദിയുണ്ട്. ശങ്കരന് കിട്ടേണ്ടിയിരുന്ന അടി ഒഴിവായത് ഇവളുടെ ആ ഡയലോഗ് കൊണ്ട് മാത്രമാണ്. ശങ്കരന് അടി കിട്ടിയിരുന്നേല്‍ പിന്നെ അവനും അടി തിരിച്ചു കിട്ടുമായിരുന്നു. അങ്ങനെ അതൊരു വല്ലാത്ത പ്രശ്നം ആയി മാറിയേനേ.
ഈ പ്രശ്നങ്ങള്‍ മുഴുവന്‍ ഉണ്ടാക്കിയ ഞങ്ങളുടെ ഉള്ളിലിരുപ്പ് ഇതായിരുന്നു. "മര്യാദക്ക് അറിയിക്കാനുള്ളത് ഞങ്ങളെ അറിയിച്ചാല്‍ പോരായിരുന്നോ. കസേര ചുമക്കാനും പാത്രം കഴുകാനും ഞങ്ങടെ പട്ടി വരും..അല്ല പിന്നെ. " കാലങ്ങള്‍ കടന്നു പോയി. അറിയേണ്ട കാര്യങ്ങള്‍ അറിഞ്ഞു തുടങ്ങി. പതുക്കെ പതുക്കെ പ്രശ്ന തീവ്രത കുറഞ്ഞു വന്നു. രണ്ടു കൂട്ടരും കാണുമ്പോള്‍ വീണ്ടും പഴയ പോലെ സംസാരിക്കാന്‍ തുടങ്ങി. പക്ഷെ ഉള്ളിന്റെ ഉള്ളില്‍ പറയുന്നത് ഇങ്ങനെ ആയിരിക്കും "മുല്ലപ്പെരിയാര്‍ അണക്കെട്ടീന്നു നീ വെള്ളം മോഷ്ടിക്കും..അല്ലേടാ?"

5 comments:

Reshmi said...

kalakki ranju mone..actually njan ee sambhavame marannu poyirunnu...ee blog vayichappo annathe aa class room ente munpil vannu...ho...bayanakam...:)

Krishna said...

kollam kollam a scene orkumbum epum chiri varunu :)

Jacob Abilash said...

Njangalkkum ithu pole kure anubhavangal undayittullatha. pandu Americayum Russiayum thammilundayirunna sheetha yudham poleyanu malayalikalum thamizhanmarum thamilulla yudham.

Devi said...

Sooper Ranju mone... as Reshmi said, aa classroom kanmunpil vannu... ee sambhavam ippol orkkumbol,not able to control laughter now.Really appreciate the way u put them down for us to read... Expecting more post from u...

Remya said...

super yaar....Nee ithu onnum marannila le